പ്രതിരോധത്തിലെ പാളിച്ചകൾ തിരിച്ചടിയായി; ഗോവയെ വീഴ്ത്തി ജംഷഡ്പുർ
Mail This Article
മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോൾ സീസണിലെ ആദ്യ മത്സരത്തിൽ എഫ്സി ഗോവയ്ക്കു സ്വന്തം മൈതാനത്തു തോൽവി. ജംഷഡ്പുർ എഫ്സി 2–1ന് ഗോവയെ തോൽപിച്ചു. ആദ്യപകുതിയുടെ ഇൻജറി ടൈമിൽ നേടാൻ കഴിഞ്ഞ ലീഡ് രണ്ടാം പകുതിയിൽ നിലനിർത്താൻ ഗോവയ്ക്കു കഴിയാതെ പോയതുമൂലമാണ് തോൽവി. കളിയിലുടനീളം മികച്ച പന്തവകാശവും പാസിങ് മികവുമുണ്ടായിരുന്നിട്ടും പ്രതിരോധത്തിലെ പാളിച്ചകൾ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോവയെ തിരിഞ്ഞുകൊത്തി.
ആദ്യപകുതിയുടെ ഇൻജറി ടൈമിൽ (45+3) അൽബേനിയൻ സ്ട്രൈക്കർ അർമാൻഡോ സാദിഖുവിന്റെ ഗോളിൽ ഗോവ ലീഡ് നേടിയതാണ്. എന്നാൽ, 74–ാം മിനിറ്റിൽ സ്പാനിഷ് സ്ട്രൈക്കർ ഹവിയർ സിവേരിയോയുടെ ഗോളിൽ ജംഷഡ്പുർ ഒപ്പമെത്തി. കളി തീരാൻ കുറച്ചുസമയം മാത്രം നിൽക്കെ ഇൻജറി ടൈമിൽ (90+3) സകലരെയും ഞെട്ടിച്ചുകൊണ്ട് ഓസ്ട്രേലിയൻ താരം ജോർദാൻ മുറെ ജംഷഡ്പുരിന്റെ വിജയഗോളും സ്വന്തമാക്കി.