ഹോം മൈതാനത്ത് റയലിന് തുടർച്ചയായ 2–ാം തോൽവി; യുണൈറ്റഡ് പരിശീലകനായി എത്തുന്ന റൂബന്റെ സ്പോർട്ടിങ്ങിനോട് സിറ്റിയും തോറ്റു!
Mail This Article
മഡ്രിഡ്∙ യുവേഫ ചാംപ്യൻസ് ലീഗിൽ നിലവിലെ ചാംപ്യൻമാരായ റയൽ മഡ്രിഡിനും ക്ലബ് ഫുട്ബോളിലെ കരുത്തൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കും ഞെട്ടിക്കുന്ന തോൽവി. റയലിനെ അവരുടെ തട്ടകത്തിൽ ഇറ്റാലിയൻ വമ്പൻമാരായ എസി മിലാനാണ് വീഴ്ത്തിയത്. 3–1നാണ് മിലാന്റെ വിജയം. മാഞ്ചസ്റ്റർ സിറ്റിയെ പോർച്ചുഗലിൽനിന്നുള്ള സ്പോർട്ടിങ് സിപി 4–1ന് നാണംകെടുത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എത്തുന്ന നിലവിലെ സ്പോർട്ടിങ് പരിശീലകൻ റൂബൻ അമോറിമിന്റെ വരവറിയിക്കൽ കൂടിയായി ഈ മത്സരം. അതേസമയം ലിവർപൂൾ, സെൽറ്റിക്, മൊണാക്കോ, ബൊറൂസിയ ഡോർട്മുണ്ട് തുടങ്ങിയ ടീമുകൾ ജയിച്ചുകയറി.
റയലിന്റെ മൈതാനമായ സാന്തിയാഗോ ബെർണബ്യൂവിൽ അവരുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ ദിവസം എൽ ക്ലാസിക്കോയിൽ ബദ്ധവൈരികളാ ബാർസിലോനയോട് ഇവിടെ 4–1ന് റയൽ തോറ്റിരുന്നു. ഇതിനു പിന്നാലെയാണ് എസി മിലാനോട് പിണഞ്ഞ ചാംപ്യൻസ് ലീഗ് തോൽവി. മിലാനായി മാലിക് തിയാവോ (12–ാം മിനിറ്റ്), മുൻ റയൽ താരം കൂടിയായ അൽവാരോ മൊറാട്ട (39–ാം മിനിറ്റ്), ടിജ്ജാനി റെയിൻഡേഴ്സ് (73–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടു. റയലിന്റെ ആശ്വാസ ഗോൾ വിനീസ്യൂസ് ജൂനിയർ 23–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് നേടി.
റയലിന്റെ തോൽവി സ്വന്തം തട്ടകത്തിലായിരുന്നെങ്കിൽ, എതിരാളികളുട തട്ടകത്തിലാണ് മാഞ്ചസ്റ്റർ സിറ്റി തോൽവി വഴങ്ങിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിയുക്ത പരിശീലകനായ റൂബൻ അമോറിം, സ്പോർട്ടിങ് പരിശീലകനെന്ന നിലയിലുള്ള തന്റെ അവസാന ഹോം മത്സരത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ചത്‍. 2018 ഏപ്രിലിനു ശേഷം ഇതാദ്യമായാണ് സിറ്റി തുടർച്ചയായി മൂന്നു മത്സരങ്ങൾ തോൽക്കുന്നത്. 2020 സെപ്റ്റംബറിനു ശേഷം സിറ്റി വഴങ്ങുന്ന ഏറ്റവും ‘കനമുള്ള’ തോൽവി കൂടിയാണിത്.
വിക്ടർ ഗ്യോകേഴ്സിന്റെ തകർപ്പൻ ഹാട്രിക്കാണ് സിറ്റിക്കെതിരെ സ്പോർട്ടിങ്ങിന് തകർപ്പൻ വിജയമൊരുക്കിയത്. 38, 49–പെനൽറ്റി, 80–പെനൽറ്റി മിനിറ്റുകളിലായാണ് താരം ഹാട്രിക് തികച്ചത്. സ്പോർട്ടിങ്ങിന്റെ ഒരു ഗോൾ അരാജുവോ (46–ാം മിനിറ്റ്) നേടി. ഫിൽ ഫോഡൻ നാലാം മിനിറ്റിൽ നേടിയ ഗോളിൽ ലീഡെടുത്ത ശേഷമാണ് സിറ്റി അപ്രതീക്ഷിത തോൽവിയിലേക്കു വഴുതിയത്.
ഇംഗ്ലിഷ് വമ്പൻമാരായ ലിവർപൂൾ, ജർമനിയിൽനിന്നുള്ള ബയെർ ലെവർക്യൂസനെ 4–0ന് തോൽപ്പിച്ചു. ലിവർപൂളിന്റെ മുൻ താരം കൂടിയായ സാബി അലൊൻസോ പരിശീലിപ്പിക്കുന്ന ലെവർക്യൂസനെ, ലൂയിസ് ഡയസിന്റെ ഹാട്രിക് മികവിലാണ് അവർ വീഴ്ത്തിയത്. 61, 83, 90+2 മിനിറ്റുകളിലായാണ് ലൂയിസ് ഡയസ് ഹാട്രിക് പൂർത്തിയാക്കിയത്. അവരുടെ ഒരു ഗോൾ 63–ാം മിനിറ്റിൽ കോഡി ഗാക്പോ നേടി.
മറ്റു മത്സരങ്ങളിൽ പിഎസ്‌വി ജിറോണയെയും (4–0), ഡാനൈമോ സാഗ്രെബ് സ്ലോവൻ ബ്രാട്ടിസ്ലാവയെയും (4–1), മൊണാക്കോ ബോലോഗ്‌നയെയും (1–0), ബൊറൂസിയ ഡോർട്മുണ്ട് സ്റ്റേൺ ഗ്രാസിനെയും (1–0), സെൽറ്റിക് ആർബി ലെയ്പ്സിഗിനെയും (3–1) തോൽപ്പിച്ചു. ലീൽ – യുവെന്റസ് മത്സരം സമനിലയിൽ (1–1) അവസാനിച്ചു.