ദേശീയ ഗെയിംസ് ഒരുക്കങ്ങൾക്ക് 4.5 കോടി രൂപ അനുവദിച്ച് സർക്കാർ; ആദ്യമായി മുഴുവൻ താരങ്ങളെയും വിമാനമാർഗം കൊണ്ടുപോകും
Mail This Article
തിരുവനന്തപുരം∙ ഉത്തരാഖണ്ഡില്‍ ജനുവരി 28 മുതല്‍ നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരളാ ടീമിന്റെ പരിശീലനത്തിനും മറ്റ് ഒരുക്കങ്ങള്‍ക്കുമായി 4.5 കോടി രൂപ അനുവദിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 9.9 കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും, ഇതിന്റെ ആദ്യ ഗഡു എന്ന നിലയ്ക്കാണ് 4.5 കോടി രൂപ അനുവദിച്ചത്. ഇതോടെ കേരളാ ടീമിന്റെ ഒരുക്കങ്ങള്‍ സജീവമാകും.
വിവിധ കായിക ഇനങ്ങളുടെ പരിശീലന ക്യാംപുകള്‍, ജഴ്‌സി, കായികോപകരണങ്ങള്‍, വിമാന യാത്രാക്കൂലി എന്നീ കാര്യങ്ങള്‍ക്കായാണ് പ്രധാനമായും അനുവദിച്ച തുക ഉപയോഗിക്കുക. 17 കായിക ഇനങ്ങളുടെ പരിശീലന ക്യാംപുകള്‍ വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ചു കഴിഞ്ഞു. 4 ഇനങ്ങളുടെ ക്യാംപുകള്‍ ജനുവരി 17നകം ആരംഭിക്കും. ട്രയാത്ത്‌ലണ്‍, റോവിങ്ങ് ക്യാംപുകള്‍ ഡിസംബറില്‍ത്തന്നെ തുടങ്ങിയിരുന്നു.
കേരളത്തിന് ഏറെ സാധ്യതയുള്ള ഫുട്‌ബോള്‍, വാട്ടര്‍പോളോ, കനോയിങ്ങ്-കയാക്കിങ്ങ്, നെറ്റ്‌ബോള്‍ ഇനങ്ങളിലും പരിശീലനം തുടങ്ങിയിട്ടുണ്ട്. പരിശീലന ക്യാംപുകളുടെ പ്രവര്‍ത്തനങ്ങൾക്കായി സ്‌പോർട്സ് കൗണ്‍സില്‍ നിരീക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
∙ കായികതാരങ്ങളുടെ യാത്ര വിമാനത്തില്‍
ദേശീയ ഗെയിംസിനുള്ള കേരളാ ടീമിന്റെ യാത്ര ഇത്തവണ വിമാനത്തില്‍. ആദ്യമായാണ് ദേശീയ ഗെയിംസിനുള്ള മുഴുവന്‍ ടീമിനെയും വിമാനമാര്‍ഗം കൊണ്ടുപോകുന്നത്. ഉത്തരാഖണ്ഡിലേക്ക് ട്രെയിന്‍ മാര്‍ഗം 4 ദിവസത്തോളം നീളുന്ന യാത്രയുണ്ട്. ഇതു കായികതാരങ്ങളുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ വിമാനമാര്‍ഗം കൊണ്ടുപോകണമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
മത്സരക്രമം അനുസരിച്ചാകും കായികതാരങ്ങളെ കൊണ്ടുപോകുന്നത്. മത്സരക്രമം അനുസരിച്ച് ടിക്കറ്റുകള്‍ എടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഒഡേപെകിനെ ചുമതലപ്പെടുത്തി.