‘തടിയുള്ളവർ മോഡലിങ്ങിനിറങ്ങിയാൽ അപരാധമല്ല, ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാവർക്കുമുണ്ട്’

Mail This Article
‘ഈ തടിവെച്ച് എങ്ങനാ? താൻ മെലിഞ്ഞിട്ട് വാ.. അപ്പോൾ നോക്കാം’ തലശ്ശേരിക്കാരി തീർഥ അനില്‍കുമാറിന്റെ മോഡലിങ് സ്വപ്നങ്ങളെ അൽപം പരിഹാസത്തോടെ പല ഫൊട്ടോഗ്രഫര്‍മാരും തല്ലിക്കെടുത്തിയത് ഈയൊരു വാചകത്തിലൂടെയായിരുന്നു. പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നായികയുടെയും കൂട്ടുകാരികളുടെയും കൂട്ടത്തിന്റെ ഏറ്റവും പിറകിൽ തീർഥയെ കൊണ്ടുനിർത്തിയതും ഇതേ ബോഡി പൊളിറ്റിക്സ് തന്നെ. ‘ഭൂതം’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്വന്തം ചിത്രം പോസ്റ്റ് െചയ്താൽ തടിച്ചിയെന്നു കൂവിയെത്തുന്ന ഫേക് ഐഡികളെ വക വയ്ക്കാതെ തീർഥ മുന്നേറുകയാണ്. അഭിനയവും മോഡലിങ്ങും ആങ്കറിങ്ങുമൊന്നും അൽപം തടിച്ച പെണ്‍കുട്ടികൾക്കു കൈവയ്ക്കാനാവാത്ത മേഖലയല്ലെന്നു തെളിയിക്കുന്നു ഈ യുവ സൈക്കോളജിസ്റ്റ്.

‘തടി കൂടിയവർ മോഡലിങ്ങിനിറങ്ങിയാൽ എന്തോ അപരാധം ചെയ്തു എന്ന മുൻവിധിയായിരുന്നു പലര്‍ക്കും. തടിയുള്ളവർക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. ‘സൈസ് സീറോ’ മാത്രമല്ല ഈ ലോകത്തു ജീവിക്കുന്നത്. പലരുടെയും പരിഹാസങ്ങൾ ചുരുങ്ങിയ കാലത്തിനുള്ളിൽ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കയ്യിലെത്തുന്ന ഓരോ ചെറിയ നേട്ടങ്ങളിലും സന്തോഷിക്കുന്നു. തടി കൂടിയതു കൊണ്ടു മുന്നോട്ടു വരാൻ മടിക്കുന്നവർക്കു പ്രചോദനമാകണമെന്നാണ് എന്റെ ആഗ്രഹം’.

തടി പ്രശ്നമല്ലെന്നു പ്രഖ്യാപിച്ചു തീർഥയെ പിന്തുണയ്ക്കുന്ന ഒരു കൂട്ടം സുഹൃത്തുകൾ മുന്നോട്ടുവന്നതോടെ മാനം തെളിഞ്ഞു. സിനിമയിലും ഷോർട് ഫിലിമുകളിലും ചെറിയ വേഷങ്ങൾ ചെയ്തു. ഓൺലൈൻ ചാനലുകളിൽ ആങ്കറായും തീർഥ തിളങ്ങിഇന്‍സ്റ്റഗ്രാം ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. അവസാനം ചെയ്ത ഫോട്ടോഷൂട്ട് വൈറലായി. പല പേജുകളിലും ഫോട്ടോസെത്തി. മോഡലിങ് കരിയറാക്കി മാറ്റണമെന്നാണ് തീർഥയുടെ ആഗ്രഹം. തടി കൂടിയതിനാൽ സ്വപ്നങ്ങൾ മാറ്റിവയ്ക്കുന്ന പെൺകുട്ടികളോട് തീർഥയ്ക്ക് ഒന്നേ പറയാനുള്ളു. സ്വപ്നങ്ങളെ പിൻതുടരുന്നതിനു നിങ്ങള്‍ എങ്ങനെയിരിക്കുന്നു എന്നത് തടസ്സമാകരുത്.
English Summary : Model Theertha Anilkumar on Zero Size concept