ADVERTISEMENT

ഫാഷനും ട്രെന്റും സ്റ്റൈലും മാറി മാറി വന്നിട്ടും മാറാത്ത ചില വിചാരങ്ങളുണ്ട്. ഇത്ര പൊക്കം വേണം, മെലിഞ്ഞിരിക്കണം, ഫ്ലാറ്റ് വയറായിരിക്കണം... സത്യത്തിൽ ആരാ ഇതൊക്കെ തീരുമാനിക്കുന്നത്? സ്വന്തം ശരീരം, അതിപ്പോ എങ്ങനെയാണെങ്കിലും, അംഗീകരിക്കാനും സ്നേഹിക്കാനും ഇപ്പോഴത്തെ തലമുറ റെഡിയാണ്. പക്ഷേ വീട്ടുകാർ തന്നെ സ്നേഹത്തിൽ ചാലിച്ച് ‘തടിയാ’, ‘ഈർക്കിലി’ എന്നൊക്കെ വിളിക്കുമ്പോൾ വീണ്ടും ഇതൊക്കെ സാധാരണമാക്കപ്പെടുകയാണ്. ബോഡി ഷെയിമിങ്ങും ബുള്ളിയിങ്ങുമെല്ലാം സ്കൂള്‍ കാലം മുതലേ നേരിടേണ്ടി വരുന്ന ആളുകള്‍ക്ക് ജീവിതം അത്ര എളുപ്പമല്ല.  

 

‘എങ്ങനെയായാലും എന്റെ ശരീരം എനിക്കിഷ്ടമാണ്’ എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന ഓരോ ആളുകളും ഇത്തരത്തിൽ ഒരുപാട് കമന്റുകൾ കേട്ട്, സങ്കടപ്പെട്ട്, വളർന്നു വന്നവരാണ്. സമൂഹമാധ്യമങ്ങളിൽ ഭുവനേശ്വരി ദേവി പൊതുവാൾ എന്ന ഇൻഫ്ലുവൻസറെ എല്ലാവരും അറിയും. ഇഷ്മുള്ള വസ്ത്രങ്ങൾ ധരിച്ച്, ‘ശരീരം കാണിച്ച്’ മോഡലിങ് ചെയ്യുന്ന പെണ്‍കുട്ടി. മുടിയുടെ പേരിലാണ് കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നതെങ്കിലും ഇൻഫ്ലുവൻസർ, മിഡ് സൈസ് മോഡൽ, അസിസ്റ്റന്റ് ഡയറക്ടർ, മേക്കപ്പ് ആർട്ടിസ്റ്റ്.. എന്നീ നിലയിലൊക്കെ അറിയപ്പെടുന്ന ആളാണ് ബിയ എന്ന ഭുവനേശ്വരി ദേവി പൊതുവാൾ. 

 

‘2014–ലാണ് മോഡലിങ് ചെയ്ത് തുടങ്ങുന്നത്. ആദ്യമൊക്കെ ഞാൻ മെലിഞ്ഞിട്ടായിരുന്നു. പിന്നെ ജീവിതശൈലികൾ മാറി, യാത്രകൾ ചെയ്യാൻ തു‍ടങ്ങി,  പലതരം ഭക്ഷണം കഴിക്കാൻ തുടങ്ങി, എനിക്ക് കുറേ മാറ്റങ്ങൾ വന്നു, ഭാരം പെട്ടെന്ന് കൂടി. അപ്പോൾ തന്നെ വർക്കുകൾ കിട്ടാതായി. തടി കൂടുതലാ, തടിച്ചിയാ എന്നുള്ള കമന്റുകളാണ് കൂടുതലും കേട്ടത്. പിന്നെ പല്ല് ശരിയല്ല എന്ന് തു‍ടങ്ങി പല നെഗറ്റീവ് കമന്റുകളുകളും കേട്ടു. ആദ്യമൊക്കെ സങ്കടം വന്നെങ്കിലും കുഴപ്പമില്ല എന്ന് വിചാരിച്ചു. പിന്നെയും പിന്നെയും ഈ കമന്റുകൾ കേട്ട് ഞാൻ എന്നെ തന്നെ പട്ടിണിക്കിട്ട് മെലിയാൻ നോക്കി. അതൊക്കെ മാനസികമായി ബാധിച്ചിട്ടുണ്ട്. അവസാനം തടി കുറക്കാൻ ക്ലിനിക്കിൽ വരെ പോയി. പിന്നെ ഞാനോർത്തു, ആളുകളുടെ കമന്റ് കേട്ട് എന്തിനാ വെറുതെ? എന്ന്.’ ബിയ പറയുന്നു. 

 

എന്താണ് പ്രശ്നമെന്നും എന്തുകൊണ്ടാണ് തടി കൂടുന്നതെന്നും ഒരു ഡോക്ടറെ കണ്ട് മനസ്സിലാക്കി, അതനുസരിച്ച് ഡയറ്റും സെറ്റ് ചെയ്തു. ഇൻസുലിൻ സെൻസിറ്റിവിറ്റിയും അമിതമായ സ്ട്രെസ് ഹോർമോണുകളുമാണ് ഭാരം കൂടാൻ കാരണക്കാരായത്. അത് അംഗീകരിച്ച് സ്വന്തം ശരീരത്തെ സ്നേഹിക്കാന്‍ തുടങ്ങിയപ്പോൾ തന്നെ ആത്മവിശ്വാസം വന്നുവെന്നാണ് ബിയ പറയുന്നത്. വയസ്സി ആയി, ആന്റിയായി എന്നൊക്കെ പറഞ്ഞ് ബോഡി ഷെയിം ചെയ്തവരും സ്കൂളിലടക്കം ബുള്ളിയിങ് നടത്തിയവരുമെല്ലാം ബിയയുടെ ജീവിതത്തിലുണ്ട്. തടി കൂട്ടാനും കുറയ്ക്കാനും ശ്രമിക്കണ്ട, ആരോഗ്യകരമായി ഇരുന്നാൽ മതി, തന്റെ മെന്റൽ ഹെൽത്താണ് പ്രധാനം എന്ന തീരുമാനത്തിലേക്ക് എത്തിയതും എളുപ്പവഴിയിലൂടെ ആയിരുന്നില്ല എന്നാണ് ബിയ പറയുന്നത്. 

 

ബോഡി പോസിറ്റിവിറ്റിയും അനാരോഗ്യകരമായ ജീവിതശൈലിയും തമ്മിലുള്ള വ്യത്യാസം കൃത്യമായി അറിയാവുന്ന ആളാണ് ബിയ. അനാരോഗ്യകരമായ ഒരു ജീവിതശൈലി പ്രചരിപ്പിക്കാൻ നോക്കുന്നുമില്ല. നമ്മുടെ സമൂഹത്തിൽ ഒരു പെൺകുട്ടി അവൾക്കിഷ്ടമുള്ളത് ധരിച്ച്,  അവളുടെ ശരീരം ആഘോഷമാക്കുമ്പോള്‍ കേൾക്കേണ്ടി വരുന്ന കമന്റുകൾ സുഖകരമല്ല എന്നറിയാമല്ലോ.  സ്വന്തം ശരീരത്തിൽ അരക്ഷിതരായ പലർക്കും ബിയ ഒരു പ്രചോദനമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com