നിങ്ങൾക്ക് താടിയുണ്ടോ? എങ്കില് കൊള്ളാം; സ്ത്രീകൾക്ക് ഏറ്റവും പ്രിയം താടിയുള്ള പുരുഷന്മാരോടെന്ന് പഠനം
Mail This Article
അല്പം താടിയുള്ള പുരുഷന്മാർക്ക് ആകർഷണീയത കൂടുതലാണെന്ന് ഭൂരിഭാഗം സ്ത്രീകളും കരുതുന്നതായി കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. ആകർഷണീയതയ്ക്കൊപ്പം ആരോഗ്യത്തിന്റെ സൂചനയായി കൂടിയാണ് സ്ത്രീകൾ പുരുഷന്മാരുടെ താടിയെ കണക്കാക്കുന്നത് എന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. താടി വളർത്തുന്നതിനെ പുരുഷത്വവുമായി ചേർത്ത് വായിക്കുന്നതാണ് ഇതിനാധാരം. എന്നാൽ പൗരുഷം എന്നത് ഇത്തരമൊരു നിർവചനത്തിൽ ഒരുങ്ങി നിൽക്കുന്നതല്ല എന്ന് അറിയേണ്ടതും അത്യാവശ്യമാണ്.
പുരുഷന്മാർക്കുള്ള ഗ്രൂമിങ് ഉത്പന്നങ്ങളുടെ നിർമാതാക്കളായ ബോസ്മാന്റെ അവലോകന പ്രകാരം മുഖത്തെ പാടുകളും കലകളും ഏറെക്കുറെ മറച്ചുവയ്ക്കാൻ താടി വളർത്തുന്നത് സഹായകമാണ്. ഭംഗിയായി വെട്ടിയൊതുക്കിയ താടി മുഖത്തിന് പക്വതയുള്ള ഫീൽ കൂടി നൽകുന്നതിനാൽ സ്ത്രീകൾ അവരിലേയ്ക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നു. 2020 ലും 2016ലുമെല്ലാം ഇത് സംബന്ധിച്ച് പഠനങ്ങൾ നടന്നിരുന്നു. 2020 ൽ ബാർണബി ജെ. ഡിക്സൺ, റോബർട്ട് സി ബ്രൂക്സ് എന്നിവർ ചേർന്ന് നടത്തിയ പഠനത്തിലാണ് താടിയുള്ള പുരുഷന്മാർക്ക് ആകർഷണീയത കൂടുതലാണെന്ന അഭിപ്രായം ഭൂരിഭാഗം സ്ത്രീകളും പങ്കുവച്ചത്. മുഖത്തിന്റെ ലുക്ക് തന്നെ പൗരുഷത്തിന്റെ അടയാളമായി കണക്കാക്കുന്ന വലിയൊരു വിഭാഗം സ്ത്രീകളും താടിയുള്ളവർക്ക് കൂടുതൽ ആകർഷണീയതയുണ്ടെന്ന് പറഞ്ഞുവക്കുന്നു
ആത്മവിശ്വാസവും പക്വതയും ഒരു ബന്ധത്തിന് അടിത്തറ സൃഷ്ടിക്കാൻ അത്യാവശ്യമാണ്. താടിയുള്ള ലുക്ക് ഈ രണ്ടു കാര്യങ്ങളും ഭൂരിഭാഗം പുരുഷന്മാർക്കും നൽകുന്നുമുണ്ട്. താടി ഭംഗിയായി വളർത്തിയെടുക്കുന്നതിന് ക്ഷമയും അർപ്പണ മനോഭാവവും വേണം. അതിനാൽ താടി വളർത്തിയ പുരുഷന്മാർക്ക് ഈ രണ്ടു ഗുണങ്ങളും ഉണ്ടാവും എന്ന ചിന്തയും താടിക്കാരിലേയ്ക്ക് സ്ത്രീകളിലേക്ക് കൂടുതൽ ആകർഷിക്കുന്നുണ്ട്.
2016ൽ എവലൂഷനറി ബയോളജി എന്ന ജേർണലിൽ പങ്കുവച്ച പഠന റിപ്പോർട്ടിലും സമാനമായ അഭിപ്രായങ്ങൾ സ്ത്രീകൾ പങ്കുവച്ചതായി പറയുന്നു. 8500 സ്ത്രീകളുടെ അഭിപ്രായങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ക്ലീൻ ഷേവ് ചെയ്തവരുടെയും മീശ മാത്രം വളർത്തിയവരുടെയും അല്പം താടിയുള്ളവരുടെയും മുഴുവനായി താടി വളർത്തിയവരുടെയുമെല്ലാം ചിത്രങ്ങൾ സ്ത്രീകളെ കാണിച്ചശേഷം ഏറ്റവും ആകർഷണീയത ഉള്ളതായി തോന്നുന്ന ചിത്രം തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സർവ്വേ. ഭൂരിഭാഗം സ്ത്രീകളും അൽപമെങ്കിലും താടിയുള്ള പുരുഷന്മാരെ തന്നെയാണ് തിരഞ്ഞെടുത്തത്.
എന്നാൽ ബാഹ്യ ആകർഷണീയതയ്ക്ക് പുറമേ മറ്റു ചില ഗുണങ്ങൾ കൂടി ഈ താടി വളർത്തലിനുണ്ട്. ത്വക്കിനെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കാൻ താടിരോമങ്ങൾ സഹായിക്കും. എളുപ്പത്തിൽ അലർജികൾ പിടിപെടുന്നവർക്ക് ബാക്ടീരിയ മൂലം ഉണ്ടാകുന്ന അണുബാധകൾ ഒരു പരിധിവരെ ചെറുത്തുനിൽക്കാനുള്ള മാർഗ്ഗം കൂടിയാണ് ഇത്.