ADVERTISEMENT

ഏതാനും മില്ലി സെക്കൻഡുകള്‍കൊണ്ട് നമ്മുടെ ജീവിതത്തില്‍ എന്തു സംഭവിക്കുമെന്ന് ചോദിച്ചാല്‍ ? ഒരുപാട് മില്ലി സെക്കൻഡുകള്‍ ചിന്തിച്ചാലും വലുതായൊന്നും സംഭവിക്കുന്നില്ലല്ലോ എന്നാകാം ആദ്യത്തെ ഉത്തരം. എന്നാല്‍ നക്ഷത്രങ്ങളുടെ കാര്യത്തില്‍ അങ്ങനെയല്ല. കൂട്ടിയിടിക്കാന്‍ പോവുന്ന ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ മില്ലി സെക്കൻഡുകള്‍ കൊണ്ട് തമോഗര്‍ത്തങ്ങളുടെ നിര്‍മിതിയിലേക്ക് വരെ എത്തുന്ന വിലപ്പെട്ട വിവരങ്ങളാണ് ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത്.

 

കൂട്ടിയിടിച്ച രണ്ടു ന്യൂട്രോണ്‍ നക്ഷത്രങ്ങളെ നിരീക്ഷിച്ചപ്പോഴാണ് ജ്യോതിശാസ്ത്രജ്ഞര്‍ക്ക് അടുത്തിടെ ഒരുകാര്യം മനസ്സിലായത്. കൂട്ടിയിടിക്ക് തൊട്ടു മുൻപ് അല്‍പനേരം നിശ്ചലമാവുകയും തുടര്‍ന്ന് ഗാമ കിരണങ്ങളുടെ വിസ്‌ഫോടനം സംഭവിക്കുകയും ചെയ്യുന്നുണ്ട്. ന്യൂട്രോണ്‍ നക്ഷത്രങ്ങളില്‍ നിന്നും വന്ന പ്രകാശത്തിന്റെ അളവിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ പരിശോധിച്ചാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം കണ്ടെത്തിയത്. 

 

ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ കൂട്ടിയിടിക്ക് മുൻപായി 10 മുതല്‍ 300 മില്ലി സെക്കൻഡുകള്‍ വരെ നിശ്ചലമാവുന്നു എന്നാണ് കണ്ടെത്തല്‍. അതിവേഗത്തില്‍ ഭ്രമണം ചെയ്തുകൊണ്ടുള്ള ഈ കൂട്ടിയിടിയോടെ ഇവ തമോഗര്‍ത്തങ്ങളായി മാറുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഭൂമിയെ വലംവയ്ക്കുന്ന ക്രോംപ്റ്റണ്‍ ഗാമ റേ ഒബ്‌സര്‍വേറ്ററിയാണ് വിദൂര പ്രപഞ്ചത്തിലെ ന്യൂട്രോണ്‍ സ്റ്റാറുകളുടെ കൂട്ടിയിടിയുടെ സവിശേഷ വിവരങ്ങള്‍ കൈമാറിയത്. 

 

പ്രപഞ്ചത്തിലെ തന്നെ അപൂര്‍വ പ്രതിഭാസങ്ങളാണ് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍. നമ്മുടെ ഏതെങ്കിലും ചെറിയൊരു നഗരത്തിന്റെ മാത്രം വലുപ്പവും സൂര്യനോളം ഭാരവുമുള്ളവയാണ് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍. ഇവയിലെ ഇലക്ട്രോണുകള്‍ അതിവേഗത്തില്‍ ന്യൂട്രോണുകളായി മാറുകയും വലിയ തോതില്‍ കാന്തിക വലയം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

 

സൂര്യനേക്കാള്‍ എട്ട് മടങ്ങു മുതല്‍ 30 മടങ്ങു വരെ വലുപ്പമുള്ള നക്ഷത്രങ്ങളാണ് ന്യൂട്രോണ്‍ സ്റ്റാറുകളായി പരിണമിക്കുന്നത്. ഉള്ളിലെ ഇന്ധനം കത്തി തീരുന്നതോടെ ഇവയുടെ ഭാരം സൂര്യന്റേതിനേക്കാള്‍ 1.1 ഇരട്ടി മുതല്‍ 2.3 ഇരട്ടി വരെയായി ചുരുങ്ങുകയും ചെയ്യുന്നു. ഇവയ്ക്ക് ഊര്‍ജം പുറത്തുവിടാനുള്ള കഴിവ് അവസാനിക്കുമെങ്കിലും പിണ്ഡം സ്വന്തം ഗുരുത്വാകര്‍ഷണത്തില്‍ പെട്ട് വീണ്ടും ചുരുങ്ങി കൊണ്ടിരിക്കും. ഈ സമയത്ത് നക്ഷത്രത്തിന്റെ ഗുരുത്വാകര്‍ഷണം വര്‍ധിച്ചുവരും. പ്രകാശത്തെ പോലും പിടിച്ചു നിര്‍ത്താനുള്ള കഴിവ് ആര്‍ജിക്കുന്നതോടെ ഇവ തമോഗര്‍ത്തം അഥവാ ബ്ലാക്ക് ഹോളായി മാറുകയാണ് ചെയ്യുന്നത്. നേച്ചുര്‍ മാഗസിനിലാണ് പഠനം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: These Massive Neutron Stars Existed For Less Than The Blink of an Eye

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com