അഗ്നിപര്‍വതങ്ങളും പുല്‍മേടുകളും; ഇൗ സുന്ദര ദ്വീപിൽ പോയിട്ടുണ്ടോ?

Mail This Article
അറ്റ്ലാന്റിക് സമുദ്രത്തിനു നടുവിലായി, പോര്‍ച്ചുഗലില്‍ സ്ഥിതിചെയ്യുന്ന അതിമനോഹരമായ ഒരു ദ്വീപസമൂഹമാണ് അസോറസ്. വെള്ളത്തിനടിയില്‍ നിന്നും മുളച്ചുപൊങ്ങിയ പർവതങ്ങളുടെ തലപ്പുകളും ചുട്ടുപൊള്ളുന്ന നീരുറവകളും അഗ്നിപര്‍വ്വതഗര്‍ത്തങ്ങളും ചുറ്റിനും ദേവദാരുക്കള്‍ നിരന്നുനില്‍ക്കുന്ന നീലത്തടാകങ്ങളും പച്ചപ്പുല്‍മേടുകള്‍ നിറഞ്ഞ കുന്നിന്‍ചെരിവുകളുമെല്ലാമായി സൗന്ദര്യത്തിന്‍റെ ഒരു മായാലോകമാണ് അസോറസ് തുറന്നിടുന്നത്.
ഒമ്പത് അഗ്നിപർവത ദ്വീപുകൾ ചേർന്നതാണ് അസോറസ്. ജൈവസമ്പത്തിന്‍റെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ ദ്വീപസമൂഹം. അസോറസിലെ ഗ്രാസിയോസ, ഫ്ലോറസ്, കോർവോ എന്നീ ദ്വീപുകളെ യുനെസ്കോ ജൈവമണ്ഡലങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. 13 റാംസർ സൈറ്റുകളും 30-ലധികം ബീച്ചുകളും ഇവിടെയുണ്ട്. ദ്വീപസമൂഹത്തിന്‍റെ മൊത്തം വിസ്തൃതിയുടെ 5% മാത്രം മാത്രമാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. ബാക്കിയുള്ള ഭൂരിഭാഗവും സംരക്ഷിതപ്രദേശങ്ങളാണ്. മാത്രമല്ല, ഇവിടെ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്‍റെ 40% പുനരുൽപ്പാദിപ്പിക്കാവുന്ന വിഭവങ്ങളിൽ നിന്നാണ്.
കൂടാതെ തിമിംഗലം, ഡോള്‍ഫിനുകള്‍ തുടങ്ങിയവയെ നിരീക്ഷിക്കുന്നതിനുള്ള മികച്ച ഇടം കൂടിയാണ് ഇവിടം. എണ്ണത്തിമിംഗലങ്ങൾ, സാധാരണ ഡോൾഫിനുകൾ, ബോട്ടിൽ നോസ് ഡോൾഫിനുകൾ എന്നിവയെ വര്‍ഷം മുഴുവനും ഇവിടെ കാണാന്‍ സാധിക്കും. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലങ്ങള്‍ ഇടയ്ക്കിടെ ഇതുവഴി കടന്നുപോകുന്നു. ഇവയെ നിരീക്ഷിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള സുസ്ഥിര ടൂറിസമാണ് ഇവിടെ നടപ്പാക്കിവരുന്നത്.

പിക്കോയിലെ തിമിംഗലങ്ങളുടെ മ്യൂസിയവും പോർട്ടോ പിമ്മിലെ തിമിംഗലവേട്ട സ്റ്റേഷനും ചരിത്രപ്രധാനമായ കാഴ്ചകളില്‍പ്പെടുന്നു. 18-ആം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് തിമിംഗലവേട്ട സജീവമായിരുന്നു. ഇത് 1987 വരെ അസോറിയൻ സമ്പദ്‌വ്യവസ്ഥയിൽ വളരെവലിയ ഒരു പങ്കുവഹിച്ചു. ഇപ്പോഴും അക്കാലത്ത് നിര്‍മിച്ച ടവറുകള്‍ ഇവിടെ കാണാം. സഞ്ചാരികളെ ഇവിടേക്ക് എത്തിക്കുന്നതിനായി ധാരാളം ബോട്ട് ടൂറുകള്‍ നടത്തുന്നുണ്ട്.
സൗമ്യമായ കാലാവസ്ഥയും ചെറുചൂടുള്ള വെള്ളവും വൈവിധ്യമാര്‍ന്ന ജൈവസമ്പത്തുമുള്ള അസോറസ്, വര്‍ഷം മുഴുവനും ജലസാഹസികവിനോദങ്ങള്‍ക്ക് പറ്റിയ ഇടമാണ്. സാവോ ജോർജും കോർവോയും ഒഴികെയുള്ള എല്ലാ ദ്വീപുകളിലും വിനോദയാത്രകളും വാടകയ്ക്ക് ഉപകരണങ്ങളും നല്‍കുന്ന അംഗീകൃത ഡൈവ് സെന്ററുകളുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും മികച്ച ഡൈവിങ് ലൊക്കേഷനുകളിൽ ഒന്നാണ് അസോറസ്. കൂടാതെ, വിൻഡ്‌സർഫിങ്, കയാക്കിങ്, സ്റ്റാൻഡ് അപ്പ് പാഡിൽ ബോർഡിങ് തുടങ്ങിയവയും ഇവിടുത്തെ പ്രധാനവിനോദങ്ങളില്‍പ്പെടുന്നു. കഴിഞ്ഞ 20 വർഷമായി, പാരാഗ്ലൈഡിങ്ങിനായി പ്രത്യേക ഉത്സവവും ഇവിടെ നടന്നുവരുന്നു.
പോർച്ചുഗലിലെ ഏറ്റവും ഉയരമുള്ള പർവതമായ പിക്കോ പർവതം അസോറസിലാണ് സ്ഥിതിചെയ്യുന്നത്. ഇതിനു മുകളിലെ സൂര്യോദയക്കാഴ്ച വളരെ പ്രസിദ്ധമാണ്. മൂന്നുമണിക്കൂര്‍ ട്രെക്കിംഗ് നടത്തി, പര്‍വ്വതത്തിന്‍റെ മുകളില്‍ എത്താം. കുതിരസവാരിക്കാരും മൗണ്ടൻ ബൈക്ക് യാത്രികരും ഈ മേഖലയിലെ സ്ഥിരംകാഴ്ചയാണ്. സാവോ മിഗുവൽ, സാന്താ മരിയ, ടെർസെയ്‌റ, സാവോ ജോർജ്ജ്, പിക്കോ, ഫൈയൽ എന്നിവിടങ്ങളിൽ ബൈക്കുകൾ വാടകയ്‌ക്കെടുക്കാം. സാവോ മിഗുവൽ, ടെർസെയ്‌റ, ഫൈയൽ എന്നിവിടങ്ങളില്‍ കുതിരസവാരിക്കുള്ള കേന്ദ്രങ്ങളുണ്ട്.
English Summary: The complete guide to the Azores Islands Portugal