5 വർഷമായി തുടർച്ചയായി മുന്നേറ്റം, റെക്കോർഡ് നേട്ടവുമായി പോർട്ട് അതോറിറ്റി

Mail This Article
കൊച്ചി ∙ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ചരക്കു നീക്കവുമായി കൊച്ചി പോർട്ട് അതോറിറ്റി. കഴിഞ്ഞ സാമ്പത്തിക വർഷം കൈകാര്യം ചെയ്തത് 37.75 മില്യൻ മെട്രിക് ടൺ ചരക്കാണ്. വർധന 3.94%. കഴിഞ്ഞ 5 വർഷമായി തുടർച്ചയായി വളർച്ച കൈവരിക്കുകയാണ് കൊച്ചി തുറമുഖം. സംയോജിത ചരക്കു കൈകാര്യ വാർഷിക വളർച്ച 5.04%. ബൾക്ക്, കണ്ടെയ്നർ വിഭാഗങ്ങളിൽ നേട്ടം. കഴിഞ്ഞ സാമ്പത്തിക വർഷം തുറമുഖത്ത് 1265 വാണിജ്യ കപ്പലുകളെത്തി.
ക്രൂഡ് ഓയിലും രാസവസ്തുക്കളുമൊക്കെ ഉൾപ്പെടുന്ന ബൾക്ക് ചരക്കാണു ആകെയുള്ള ചരക്കിന്റെ 66 ശതമാനവും. ഒന്നാം സ്ഥാനത്തു ക്രൂഡ് ഓയിൽ തന്നെ. പെട്രോളിയം ഉൽപന്നങ്ങളാണു രണ്ടാമത്. സൾഫ്യൂറിക് ആസിഡ്, അമോണിയ, ദ്രവീകൃത പ്രകൃതിവാതകം, ഫോസ്ഫോറിക് ആസിഡ് തുടങ്ങിയ ദ്രവരൂപത്തിലുള്ള ഉൽപന്നങ്ങളാണു മൂന്നാമത്. എൽപിജി ടെർമിനൽ വഴി ഗണ്യമായ തോതിൽ പാചക വാതകവുമെത്തി. കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്ന ബങ്കറിങ് ബിസിനസിലും തുറമുഖം നേട്ടമുണ്ടാക്കി. സിമന്റ്, റോക്ക് ഫോസ്ഫേറ്റ്, ഉപ്പ്, സൾഫർ, അലുമിന, സ്റ്റീൽ ഉൽപന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഡ്രൈ ആൻഡ് ബ്രേക്ക് ബൾക്ക് ചരക്കു വിഭാഗത്തിലും വർധനയുണ്ടായി. തുറമുഖത്തിനു കീഴിലുള്ള വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനലും (ഐജിടിപിഎൽ) നേട്ടമുണ്ടാക്കി.