ബേക്കറി പലഹാരങ്ങളോട് മാത്രം പ്രിയം; മാറേണ്ടത് മാതാപിതാക്കളോ?
Mail This Article
കുട്ടികൾ വേണ്ട രീതിയിൽ ഭക്ഷണം കഴിക്കുന്നില്ല എന്നത് എല്ലാ മാതാപിതാക്കളുടെയും സ്ഥിരമായ പരാതിയാണ്. എത്ര നിർബന്ധിച്ചാലും നമ്മൾ സാധാരണയായി കഴിക്കുന്ന ചോറ്, ഇഡ്ഡലി, പുട്ട് തുടങ്ങിയവ കഴിക്കുന്നില്ല എന്നതാണ് പ്രധാന പരാതി. അതുപൊലെ തന്നെ പച്ചക്കറികൾ തീരെ കഴിക്കുന്നില്ല, പഴങ്ങളോടും പ്രിയം കുറവാണ്. എന്നിങ്ങനെ നീളുന്നു പരാതികൾ. എന്നാൽ ബിസ്കറ്റുകൾ, തുടങ്ങിയ ബേക്കറി സാധനങ്ങളോടു പ്രിയമുണ്ടുതാനും, അപ്പോൾ കഴിക്കായ്ക അല്ല, ഇഷ്ടപ്പെടാത്തതാണ് മുഖ്യ കാരണമെന്നു മനസ്സിലാക്കാം.
കുട്ടികളിൽ ഭക്ഷണത്തോടുള്ള അഭിരുചി അല്ലെങ്കിൽ സമീപനം, വലിയ ആൾക്കാരിൽ നിന്നു വ്യത്യസ്തമാണ്. അവർക്ക് എല്ലായ്പോഴും വ്യത്യസ്ത രുചിയും ഭാവവുമുള്ളവയാണിഷ്ടം. അപ്പോൾ വ്യത്യസ്തതയുണ്ടാക്കലാണ് ആവശ്യം. ഉദാഹരണമായി, ഇഡ്ഡലി മാവിൽ ശുദ്ധമായ മഞ്ഞള്‍പൊടി ചേർത്തുണ്ടാക്കുകയാണെങ്കിൽ, നിറം കൊണ്ട്, ഒരു വ്യത്യസ്തത കൈവരുന്നു. അൽപം കിസ്മിസും, നെയ്യും ബീറ്റ്റൂട്ടും ചേർത്ത് അരി വേവിച്ചാൽ ചോറിനു നിറവും സ്വാദും വ്യത്യസ്തമാകുന്നു. ഇങ്ങനെ ചില്ലറ പൊടിക്കൈകൾ ഉയോഗപ്പെടുത്തിയാൽ ആഹാരത്തെ കൂടുതൽ ആകര്‍ഷകമാക്കാൻ കഴിയും.
വിശപ്പും ദഹനവും ആഗിരണവും വർധിപ്പിക്കാൻ ചെലവു കുറഞ്ഞ, ഫലപ്രദമായ, കുട്ടികളുടെ ശരീരത്തിനു യോജിച്ച, പാർശ്വഫലങ്ങളില്ലാത്ത ആയുർവേദ ഔഷധങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. അഷ്ടചൂർണം കുഞ്ഞുങ്ങളുടെ പ്രായത്തിനനുസരിച്ച് 2 മുതൽ 5 ഗ്രാം വരെ തേനും നെയ്യും ആദ്യ ഉരുളയിൽ ചേർത്തു കൊടുക്കുന്നത് വളരെ ഫലപ്രദമാണ്. ഇത് കൃമിശല്യം മാറാനും നല്ലതാണ്. അതുപോലെ തന്നെ രജന്യാദി ചൂർണം, മുസ്താരിഷ്ടം, ഇന്ദുകാന്തഘൃതം തുടങ്ങിയവ വൈദ്യോപദേശമനുസരിച്ചു നൽകാവുന്നതാണ്.
ഓർക്കുക : ഈ ഔഷധങ്ങളെല്ലാം തന്നെ കുട്ടികളിലെ രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ കൂടി ഉള്ളതാണ്.
(ലേഖകൻ തിരുവനന്തപുരം ഗവ. ആയുർവേദ കോളജിന്റെ മുൻ ഡയറക്ടറാണ്)
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? - വിഡിയോ