ഈ ട്രെയിനിൽ കേരളം താണ്ടാം ഒറ്റ മണിക്കൂറിൽ; ടിജിവി എന്ന അദ്ഭുതം
Mail This Article
കൽക്കരി തിന്നുന്ന സ്റ്റീം എൻജിനുകളായായിരുന്നു തീവണ്ടികളുടെ തുടക്കം. ലോകത്തെ ആദ്യത്തെ ലക്ഷണമൊത്തെ സ്റ്റീം എൻജിൻ ട്രെയിൻ രൂപകൽപന ചെയ്ത് വികസിപ്പിച്ചത് 1804ൽ ബ്രിട്ടനിലെ കോൺവാളിലുള്ള എൻജിനീയറായ റിച്ചഡ് ട്രെവിത്തിക്കാണ്. 1804 ഫെബ്രുവരി 21ന് ബ്രിട്ടനിലെ സൗത്ത് വെയിൽസിലാണ് ലോകത്തെ ആദ്യ തീവണ്ടിയാത്ര നടന്നത്. 1814ൽ ജോർജ് സ്റ്റീവൻസൺ എന്ന ബ്രിട്ടിഷ് എൻജിനീയർ ട്രെയിനുകളിൽ വലിയ മാറ്റങ്ങളും പരിഷ്കാരണങ്ങളും വരുത്താൻ തുടങ്ങി. റെയിൽവേയുടെ പിതാവ് എന്ന നിലയിൽ സ്റ്റീവൻസൺ പ്രശസ്തനാണ്.
അക്കാലത്ത് നിന്ന് ഇക്കാലം വരെയുള്ള യാത്രയിൽ, മറ്റെല്ലാ മേഖലകളിലുമുണ്ടായതുപോലെ തന്നെ റെയിൽവേയിലും സമൂലമായ മാറ്റങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഇന്ന് അന്റാർട്ടിക്ക ഒഴിച്ച് മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും റെയിൽ നെറ്റ്‌വർക്കുകളുണ്ട്. ബുള്ളറ്റ് പോലെ കുതിച്ചുപായുന്ന ട്രെയിനുകളും പല രാജ്യത്തും കാണാം. ഇന്ന് ലോകത്ത് ഏറ്റവും വേഗമുള്ള ട്രെയിൻ ഫ്രാൻസിലുള്ള ടിജിവിയാണ്. മണിക്കൂറിൽ 575 കിലോമീറ്റർ ആണ് ഇതിന്റെ പരമാവധി വേഗം (പരീക്ഷണ ഓട്ടത്തിൽ കൈവരിച്ചത്). ഈ വേഗത്തിൽ പോയാൽ കേരളസംസ്ഥാനം മുഴുവൻ ഓടാൻ ഏകദേശം ഒരുമണിക്കൂർ തത്വത്തിൽ മതിയാകും. എന്നാൽ ഈ വേഗം സ്ഥിരം ഓട്ടത്തിൽ ടിജിവി കൈവരിക്കാറില്ല.
ലോകത്തിലെ ഏറ്റവും വേഗത്തിലുള്ള ട്രെയിനുകൾ കടന്നുപോകുന്ന റെയിൽലൈൻ ചൈനയിലാണ്. ലോകത്ത് പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്ന ഏറ്റവും വേഗമുള്ള ട്രെയിനും ഇവിടെയാണ്. ഷാങ്ഹായിയിൽ എയർപോർട്ടിനെയും ലോങ്യാങ് റോഡ് സ്റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 30 കിലോമീറ്റർ റെയിൽപാതയിൽ ഓടുന്ന ട്രെയിന് മണിക്കൂറിൽ 460 കിലോമീറ്ററാണു വേഗം. വിട്ടാൽ ഏഴരമിനിറ്റുകൊണ്ട് ട്രെയിൻ ലക്ഷ്യസ്ഥാനത്തെത്തും.
ബെയ്ജിങ്– ഷാങ്ഹായി–ഹോങ്കോങ്, ബെയ്ജിങ് –ഹാർബിൻ റൂട്ടുകളിലോടുന്ന ഫൂക്സിങ് എന്ന ട്രെയിനുകളും വലിയ വേഗക്കാരാണ്. മണിക്കൂറിൽ 350 കിലോമീറ്റർ വേഗം കൈവരിക്കാൻ ഇവയ്ക്കു കഴിയും. ജർമനിയിലോടുന്ന ഐസ് 3(മണിക്കൂറിൽ 330 കിലോമീറ്റർ) തുടങ്ങിയവയൊക്കെ ലോകത്തെ അതിവേഗ ട്രെയിനുകളാണ്.
Content Summary : France's high speed TGV train