ADVERTISEMENT

കറ്റാനം ∙ പ്രതീക്ഷിക്കാത്ത അതിഥിയായി കോവിഡ് എത്തിയതോടെ, സ്വന്തം വിവാഹത്തിൽ സുജിത് പങ്കെടുത്തത് വിഡിയോകോൾ വഴി. കറ്റാനം കട്ടച്ചിറ മുട്ടക്കുളം ദേവീക്ഷേത്രത്തിൽ ഇന്നലെ 11.30നായിരുന്നു വിവാഹം. മണ്ഡപത്തിലെത്തിയ വധു സൗമ്യയെ സഹോദരി മഞ്ജു വരണമാല്യമണിയിച്ചതും കൈപിടിച്ചു മണ്ഡപത്തിനു പ്രദക്ഷിണം നടത്തി ദക്ഷിണ നൽകിയതും ഐസലേഷൻ മുറിയിലിരുന്നു സുജിത്തും ക്വാറന്റീനിലുള്ള മാതാപിതാക്കളും കണ്ടു. മാവേലിക്കര ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തിൽ വീട്ടിൽ വി.ജി.സുധാകരന്റെയും രാധാമണിയുടെയും മകൻ സുജിത്ത് സുധാകരനും, കട്ടച്ചിറ പള്ളിക്കൽ കൊച്ചുവീട്ടിൽ വടക്കതിൽ സുദർശനന്റെയും കെ.തങ്കമണിയുടെയും മകൾ എസ്.സൗമ്യയും തമ്മിലുള്ള വിവാഹം 3 മാസം മുൻപാണ് തീരുമാനിച്ചത്.

വരൻ സുജിത്തിന് വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനെ തുടർന്ന് വധു എസ്.സൗമ്യയുടെ കഴുത്തിൽ സുജിത്തിന്റെ സഹോദരി മഞ്ജു വരണമാല്യം അണിയിക്കുന്നു

മുംബൈയിൽ സ്വകാര്യകമ്പനി ജീവനക്കാരനാണു സുജിത്. കുടുംബം മുംബൈയിൽ സ്ഥിര താമസമാണ്. വിവാഹ ചടങ്ങിനായി മൂന്നാഴ്ച മുൻപ് വരനും കുടുംബവും നാട്ടിലെത്തി, കോവിഡ് പരിശോധന നടത്തി നിരീക്ഷണത്തിലായിരുന്നു. വിവാഹത്തിനു 2 ദിവസം മുൻപു നടത്തിയ കോവിഡ് പരിശോധനയിലാണ് സുജിത് പോസിറ്റീവായത്. ക്വാറന്റീനിലായതിനാൽ സുജിത്തിന്റെ കൂടെ നാട്ടിലെത്തിയ മാതാപിതാക്കൾക്കും പങ്കെടുക്കാനായില്ല. തുടർന്നാണ് നാട്ടിൽ താമസിക്കുന്ന മഞ്ജുവിന്റെ സാന്നിധ്യത്തിൽ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചത്. സുജിത്തിന്റെ മാതൃസഹോദരീപുത്രിയാണ് മഞ്ജു. കോവിഡ് നെഗറ്റീവ് ആയതിനു ശേഷം ‘വിവാഹം’ ഒന്നുകൂടി നടത്താൻ കാത്തിരിക്കുകയാണു സുജിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com