കല്ലുമല റെയിൽവേ മേൽപാലം: 125 സെന്റ് സ്ഥലം ഏറ്റെടുക്കും, പഠന റിപ്പോർട്ട് അംഗീകരിച്ചു
Mail This Article
മാവേലിക്കര ∙ ബുദ്ധ ജംക്‌ഷൻ–കറ്റാനം റോഡിലെ കല്ലുമല റെയിൽവേ മേൽപാലം നിർമാണത്തിനു സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് വിദഗ്ധ സമിതി അംഗീകരിച്ചു. എറണാകുളം കളമശേരി രാജഗിരി ഔട്ട് റീച്ച് തയാറാക്കിയ റിപ്പോർട്ടാണു ഡപ്യൂട്ടി കലക്ടർ (എൽഎ) ആർ സുധീഷ്, സോഷ്യൽ സയന്റിസ്റ്റുമാരായ പ്രിൻസി ജേക്കബ് (സമിതി അധ്യക്ഷ), സവിത, നഗരസഭാധ്യക്ഷൻ കെ.വി.ശ്രീകുമാർ, കൗൺസിലർ കവിത ശ്രീജിത്, സ്‌പെഷൽ തഹസിൽദാർസിന്ധു, റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള (ആർബിഡിസികെ) പ്രതിനിധി എൽ.രാജശ്രീ എന്നിവർ ഉൾപ്പെടുന്ന വിദഗ്ധ സമിതി അംഗീകരിച്ചത്. റിപ്പോർട്ട് കലക്ടർ അംഗീകരിച്ചതിനു ശേഷം പ്രാഥമിക വിജ്ഞാപന നടപടി തുടങ്ങും.
മേൽപാലത്തിനായി ഏറ്റെടുക്കുന്ന 125 സെന്റ് സ്ഥലത്തു 24 പുരയിടങ്ങളും 3 പുറമ്പോക്കും ഉൾപ്പെടുന്നു. പരാതികളുണ്ടെങ്കിൽ പ്രാരംഭ വിജ്ഞാപന തീയതി മുതൽ 2മാസത്തിനുള്ളിൽ കിഫ്ബി സ്‌പെഷൽ തഹസിൽദാർക്ക് (കായംകുളം) പരാതി സമർപ്പിക്കാം. മാവേലിക്കര റെയിൽവേ സ്റ്റേഷനു വടക്കുള്ള ലവൽക്രോസിലാണു പുതിയ മേൽപാലം വരുന്നത്.
റെയിൽവേ ലവൽക്രോസിനു പടിഞ്ഞാറ് ഗവ. ആയുർവേദ ആശുപത്രിക്കു സമീപം വെള്ളൂർകുളം മുതൽ കിഴക്കോട്ടു ബിഷപ് മൂർ കോളജ് ഹോസ്റ്റലിനു മുൻവശം വരെ 500 മീറ്റർ നീളത്തിലും 10.20 മീറ്റർ വീതിയിലുമാണു പാലം നിർമിക്കുന്നത്. ഒന്നര മീറ്റർ വീതിയിൽ ഒരു വശത്ത് നടപ്പാതയുമുണ്ടാവും. റെയിൽവേട്രാക്ക് മറികടക്കുന്ന സ്ഥലത്ത് 8.3 മീറ്ററാണു പാലത്തിന്റെ ഉയരം. കിഫ്ബി വഴി 38.22 കോടി രൂപയാണു പാലം നിർമാണത്തിനു ചെലവഴിക്കുന്നതെന്നു എം.എസ്.അരുൺകുമാർ എംഎൽഎ പറഞ്ഞു.