ശുദ്ധജല പൈപ്‌ലൈൻ വഴി ‘ശുദ്ധമായ വായു’; അരി തിളപ്പിക്കാനുള്ള ശുദ്ധജലമെങ്കിലും കിട്ടിയാൽ മതിയെന്ന്

Mail This Article
എടത്വ ∙ അരി തിളപ്പിക്കാനുള്ള ശുദ്ധജലമെങ്കിലും ദിവസവും കിട്ടിയാൽ മതിയെന്നാണ് തലവടി തെക്കേക്കര പുളിക്കത്ര നിവാസികളുടെ വർഷങ്ങളായുള്ള ആഗ്രഹം. തലവടി പഞ്ചായത്ത് 8 മുതൽ 13 വരെ വാർഡുകളിലായി താമസിക്കുന്ന 5000 കുടുംബങ്ങൾ ശുദ്ധജലം ലഭിക്കാതെ വിഷമിക്കുകയാണ്. കൂടുതൽ ആളുകൾ താമസിക്കുന്ന പുളിക്കത്ര, പാരേത്തോട്, തെക്കുംതല പടി തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. പാരേത്തോടു നിന്നു പുളിക്കത്ര വരെയുള്ള ഭാഗത്ത് വെള്ളം എത്തിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് 2 പ്രാവശ്യമാണ് പൈപ്‌ലൈൻ വലിച്ചത്. 15 വർഷം മുൻപ് ശുദ്ധജല പദ്ധതിയെന്ന പേരിൽ പൈപ്പ് സ്ഥാപിച്ച് എല്ലാ വീടുകൾക്കും കണക്‌ഷനും കൊടുത്തു. എന്നാൽ, കാറ്റ് മാത്രമാണ് പൈപ്പിൽ വന്നത്. ഒരു തുള്ളി ശുദ്ധജലം ലഭിച്ചില്ല.
പക്ഷേ, കിട്ടാത്ത വെള്ളത്തിന് കൃത്യമായി ബില്ല് ഓരോ വീട്ടിലും ലഭിക്കുകയും ചെയ്തു. ഒടുവിൽ ഗതികെട്ട് ഗുണഭോക്താക്കൾ കണക്‌ഷൻ വിഛേദിച്ചു. വെറുതേ കിടന്ന് പൈപ്പ് നശിച്ചു പോകുകയും ചെയ്തു.പിന്നീട് കോവിഡിന് മുൻപ് വീണ്ടും പൈപ്‌ലൈൻ സ്ഥാപിച്ചു. പക്ഷേ നാളിതുവരെ ഒരു തുള്ളി വെള്ളം എത്തിയിട്ടില്ലെന്നു പ്രദേശവാസികൾ പറയുന്നു. ആകെയുള്ള ആശ്വാസം തെക്കുംതലപ്പടിക്കലെ പൊതു ടാപ്പാണ്. അതാകട്ടെ റോഡ് നിരപ്പിൽ നിന്നു ഒരു മീറ്ററോളം താഴെയാണ്.കുഴിയിലിരിക്കുന്ന ടാപ്പിൽ ആഴ്ചയിൽ രണ്ടു പ്രാവശ്യം വെള്ളം എത്തുമെന്നാണ് പറയുന്നത്.
എന്നാൽ, ഒരു പ്രാവശ്യം എങ്കിലും വന്നാലായി. വെള്ളവും പ്രതീക്ഷിച്ച് കുടങ്ങൾ നിരത്തിയുള്ള കാത്തിരിപ്പു മാത്രമാണ് ഇപ്പോഴുള്ളത്. വെള്ളം എത്തിയാൽ തന്നെ ഒരു കുടം വെള്ളം ലഭിക്കാൻ കുഴിയിലറങ്ങി അരമണിക്കൂർ ഇരിക്കണം. തെക്കേത്തലവടിയിൽ വെള്ളം എത്തിയിട്ട് 30 വർഷത്തിലധികമായി ഉണ്ടായിരുന്ന പൊതു ടാപ്പുകളെല്ലാം റോഡിനടിയിലായി. മൂന്നും നാലും കിലോമീറ്റർ ഓട്ടോറിക്ഷയിൽ പോയി ആർഒ പ്ലാന്റിൽ നിന്നുള്ള വെള്ളം വിലയ്ക്കു വാങ്ങിയാണ് അത്യാവശ്യ കാര്യങ്ങൾ നിറവേറ്റുന്നത്. കുളങ്ങളും, കിണറുകളും വറ്റിത്തുടങ്ങിയതോടെ വെള്ളത്തിനുള്ള ഓട്ടംകൂടി. തലവടി വെള്ളക്കിണർ ജംക്‌ഷനിൽ വർഷങ്ങൾക്കുമുൻപ് സ്ഥാപിച്ച ഉപരിതല ടാങ്കിൽ വെള്ളം എത്തിച്ചാൽ തെക്കേത്തലവടി ഭാഗത്തെ പകുതി ശുദ്ധജലക്ഷാമം പരിഹരിക്കാൻ കഴിയും. അതു ചെയ്യാതെ കോടിക്കണക്കിനു തുക ചെലവഴിച്ച് ജല ശുദ്ധീകരണ ശാലകൾ നിർമിക്കാനുള്ള നടപടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ തുക ചെലവാക്കുന്നതല്ലാതെ പ്രയോജനം ലഭിക്കുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി.