പായസ ചലഞ്ചിൽ 4.70 ലക്ഷം സമാഹരിച്ച് കരുതൽ ഉച്ചയൂണ് കൂട്ടായ്മ
Mail This Article
ഹരിപ്പാട് ∙ കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ നൂറാമത്തെ ചലഞ്ചായ പായസ ചലഞ്ചിൽ സമാഹരിച്ചത് 4.70 ലക്ഷം രൂപ. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം മേൽശാന്തി കണ്ണമംഗലം എസ്. കേശവൻ നമ്പൂതിരി ചാലഞ്ച് ഉദ്ഘാടനം ചെയ്തു. രാവിലെ 9 മുതൽ രാത്രി 9 വരെ നടത്തിയ ചാലഞ്ചിൽ പങ്കെടുക്കാൻ എത്തിയവർക്കെല്ലാം അവിടെത്തന്നെ തയാറാക്കിയ പായസമാണ് നൽകിയത്. മൂന്നു ഭിന്നശേഷിക്കാർ അടങ്ങുന്ന കുടുംബത്തിന് 4 സെന്റ് സ്ഥലവും വീടും 12 വീടുകളുടെ പുനരുദ്ധാരണവുമാണ് ചാലഞ്ച് കൊണ്ട് ലക്ഷ്യമിട്ടത്. സമാഹരിച്ച തുക കരുതൽ ട്രസ്റ്റ് ചെയർമാൻ ഷാജി കെ. ഡേവിഡ് കുടുംബത്തിന് കൈമാറി.
യു. പ്രതിഭ എംഎൽഎ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിലാൽ തൃക്കുന്നപ്പുഴ, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ, ആറാട്ടുപുഴ പഞ്ചായത്ത് അംഗം റെജികുമാർ, ജോമോൻ, സാബു പരിപ്ര, റവ. ലാൽ ചെറിയാൻ, റവ ഫിലിപ്പ്,അനീഷ് സെന, ജിബിൻ കുര്യാക്കോസ്, തോമസ് വർഗീസ്, മധു തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ 7 വർഷമായി വ്യത്യസ്ത ചലഞ്ചുകളിലൂടെ 54 വീടുകൾ, 52 വിവാഹങ്ങൾ കൂടാതെ ഹരിപ്പാട് ഗവ.ആശുപത്രിയിൽ രോഗികൾക്ക് ഉച്ച ഭക്ഷണം നിർധനർക്ക് ഭക്ഷണവും ഭക്ഷ്യധാന്യ കിറ്റും, ചികിത്സാ –വിദ്യാഭ്യാസ ധനസഹായങ്ങൾ എന്നിവ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.