ADVERTISEMENT

മത്സ്യക്കുളത്തിനു മുകളിൽ കോഴിക്കൂട്, കുരുമുളകിനു താങ്ങുകാലായി പിവിസി പൈപ്പ്. മൂന്നു കുളങ്ങളുള്ള ഒന്നരയേക്കർ ഭൂമിയിൽ ജാതിയും തെങ്ങും പച്ചക്കറികളും ആടും കോഴിയും താറാവും. പൂച്ചാക്കൽ പള്ളിവെളി മദീന പടിപ്പുരയിൽ അഹമ്മദ് കെ.കോയയുടെ പുരയിടം പരീക്ഷണങ്ങൾ വിളയുന്ന സമ്മിശ്ര കൃഷിയിടമാണ്. കാടുപിടിച്ചു കിടന്ന ഭൂമി മാതൃകാ കൃഷിയിടമാക്കിയത് രണ്ടു വർഷം കൊണ്ട്. 32 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണു രണ്ടു വർഷം മുൻപ് അഹമ്മദ് കെ. കോയ നാട്ടിലെത്തിയത്. 12 വർഷം മുൻപു വാങ്ങിച്ച പൂച്ചാക്കലിലെ വീടിനു ചുറ്റുമുള്ള ഒന്നരയേക്കർ ഭൂമിയിൽ കൃഷി തുടങ്ങി.

പുരയിടത്തിലുണ്ടായിരുന്ന 3 കുളങ്ങളിൽ രണ്ടെണ്ണത്തിലാണു മത്സ്യക്കൃഷി. ഒരെണ്ണം നീന്തൽക്കുളമാക്കി. 14 സെന്റ് വിസ്തീർണമുള്ള വലിയ കുളത്തിൽ കരീമീനും തിലോപ്പിയയും കാർപ്പും . 20,000 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. മത്സ്യത്തീറ്റയ്ക്കുള്ള ചെലവ് എങ്ങനെ കുറയ്ക്കാമെന്ന ചിന്തയാണു കുളത്തിനു മുകളിലെ കോഴിക്കൂടിനു പിന്നിൽ. 100 നാടൻ കോഴികളാണ് ഈ കൂട്ടിൽ. കുളത്തിലേക്കു വീഴുന്ന കോഴിവളം മത്സ്യങ്ങൾക്കു തീറ്റയാകുന്നു. ആറു മാസത്തിലൊരിക്കലാണു മത്സ്യക്കൃഷി വിളവെടുപ്പ്.

കഴിഞ്ഞ തവണ ലഭിച്ചത് 2000 കിലോഗ്രാം മീൻ. 3.5 ലക്ഷം രൂപ ലഭിച്ചു. കുളത്തിനു മുകളിൽ പുരയിടത്തിലെ കൂടുകളിലുമായി ഇരുന്നൂറോളം നാടൻ മുട്ടക്കോഴികൾ. ദിവസം 150 മുട്ട ലഭിക്കും. വരുമാനം മാസം 30,000 രൂപയോളം. 14 നാടൻ ആടുകളും 25 താറാവുകളുമുണ്ട്.പുരയിടത്തിൽ 22 ജാതിമരങ്ങളും 30 തെങ്ങുകളും. ഇവയ്ക്കിടയിൽ പച്ചക്കറി കൃഷി.

തക്കാളി, പയർ, പാവൽ എന്നിവയാണു കൃഷി. കട്ട കൊണ്ട് അതിരു കെട്ടി അതിനുള്ളിൽ മണ്ണുനിറച്ചാണ് പച്ചക്കറി കൃഷി. തുള്ളിനനയല്ലെങ്കിലും ഒരിടത്ത് വെള്ളമൊഴിച്ചാൽ എല്ലായിടത്തും എത്തുന്ന രീതിയിലാണു ക്രമീകരണം. പിവിസി പൈപ്പുകൾ താങ്ങുകാലായി നൽകിയാണ് കുമ്പുക്കൽ ഇനത്തിൽ പെട്ട കുരുമുളക് വളർത്തുന്നത്. ജാതിയും തെങ്ങും കുളങ്ങളും ചേർന്നു തണലും തണുപ്പും വിരിക്കുന്ന പുരയിടം മികച്ച വരുമാനവുമൊരുക്കുന്നു. ഉണങ്ങിയ ഒരില പോലും നിലത്തു കാണാനില്ലാത്തത്ര വൃത്തിയിലാണു അഹമ്മദ് കൃഷിയിടം പരിപാലിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com