ADVERTISEMENT

മാവേലിക്കര ∙ റോഡ് കയ്യേറിയുള്ള വഴിയോര കച്ചവടം വ്യാപകമാകുന്നു, സ്ഥിരം വ്യാപാരികൾ ദുരിതത്തിൽ. മാവേലിക്കര നഗരസഭ പരിധിയിലെ വിവിധ സ്ഥലങ്ങളിലാണ് അനധികൃത പഴം, പച്ചക്കറി, മത്സ്യ വ്യാപാരം തകൃതിയായി നടക്കുന്നത്. പ്രധാന നിരത്തു കയ്യേറി നടക്കുന്ന വ്യാപാരം അപകടങ്ങൾക്ക് ഇടയാക്കിയിട്ടും നടപടി മാത്രം വൈകുകയാണെന്നാണു സ്ഥിരം വ്യാപാരികളുടെ പരാതി. പുതിയകാവ്–തഴക്കര റോഡ്, ബുദ്ധ ജംക്‌ഷൻ–ളാഹ ജംക്‌ഷൻ റോഡിൽ മാത്രം അൻപതോളം വഴിയോര കച്ചവടക്കാരുണ്ട്. പെട്ടി ഓട്ടോയിൽ ആദ്യം കച്ചവടത്തിന് എത്തുന്ന ഇവർ സ്ഥിരം തട്ടുകളും മറ്റും ക്രമീകരിച്ചു പ്രദേശം തങ്ങളുടെ അധീനതയിലാക്കുകയാണ് പതിവ്.

പെട്ടി ഓട്ടോയുടെ ആകൃതിയിൽ തന്നെ സ്റ്റാൾ ക്രമീകരിച്ചു കച്ചവടം നടത്തുന്നവരും ഉണ്ട്. തട്ടാരമ്പലം–മാവേലിക്കര–കൊച്ചാലുംമൂട് റോഡ് നവീകരിച്ചു വശങ്ങളിൽ ഓടകൾ നിർമിച്ചു നടപ്പാത ക്രമീകരിച്ചെങ്കിലും ഇതു കാൽനട യാത്രക്കാർക്കു പ്രയോജനപ്പെടാത്ത സാഹചര്യമാണ്. വഴിയോര കച്ചവടക്കാർ നടപ്പാത കയ്യേറി വാഹനങ്ങൾ നിർത്തിയിട്ടാണു വ്യാപാരം നടത്തുന്നത്. തെരുവു കച്ചവടക്കാരുടെ വാഹനങ്ങൾ കയ്യേറുന്നതിനാൽ നടപ്പാത ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്. വലിയ തുക ഡിപ്പോസിറ്റും വാടകയും വൈദ്യുതി ചാർജും നൽകുന്ന സ്ഥിരം വ്യാപാരികൾ തദ്ദേശസ്ഥാപനങ്ങൾ നിശ്ചയിക്കുന്ന നൽകിയാണു വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നത്.

ഈ സ്ഥാപനങ്ങൾക്കു മുന്നിൽ വഴിയോര കച്ചവടം നടത്തുന്നവർ ഒരു വർഷത്തേക്കു 100 രൂപയാണു നൽകുന്നത്. ആഴ്ചയിൽ ഓരോ കച്ചവടക്കാരിൽ നിന്നും കൃത്യമായി നിശ്ചിത തുകയും സാധനങ്ങളും വാങ്ങിയാണു ചില രാഷ്ട്രീയക്കാർ ഇവർക്കു പിന്തുണ നൽകുന്നത്. പരിപാടികൾ വരുമ്പോൾ വ്യാപാരികളെ സമീപിക്കുന്നവർ വഴിയോര കച്ചവടക്കാരെ സഹായിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നു വ്യാപാരി പ്രതിനിധികൾ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com