ADVERTISEMENT

ആലപ്പുഴ ∙ ബിജെപി നേതാവ് രൺജീത് ശ്രീനിവാസ് കൊല്ലപ്പെട്ട് 2 വർഷവും 42 ദിവസവും പിന്നിടുമ്പോഴാണ് കേസിൽ 15 പ്രതികൾക്കും മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവി വധശിക്ഷ വിധിച്ചത്. അപ്പോഴും അന്നത്തെ ഭീകര ദൃശ്യങ്ങളിൽ നിന്ന് കുടുംബം മുക്തരായിട്ടില്ല.

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത് ശ്രീനിവാസിനെ (45) 2021 ഡിസംബർ 19ന് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലാണു വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ ജില്ലയിൽ 2021ൽ തുടർച്ചയായി നടന്ന 3 രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒടുവിലത്തേതായിരുന്നു രൺജീത് വധം. 2021 ഫെബ്രുവരി 24നു വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ ആർ.നന്ദുകൃഷ്ണ കൊല്ലപ്പെട്ടു. ഡിസംബർ 18നു രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിനെ മണ്ണഞ്ചേരിയിൽ കൊലപ്പെടുത്തി. പിറ്റേന്നു രാവിലെയാണ് രൺജീത് ശ്രീനിവാസ് കൊല്ലപ്പെട്ടത്.

ഞെട്ടൽ മാറാതെ കുടുംബം
രാവിലെ ട്യൂഷനു പോയപ്പോൾ ചേച്ചി ഭാഗ്യ തുറന്നിട്ട വാതിൽ കടന്നാണ് അക്രമികളെത്തിയത്. ചേച്ചി രാവിലെ ട്യൂഷനു പോകാൻ മടി കാണിച്ചാൽ അച്ഛൻ വഴക്കു പറയാറുണ്ട്. ആ ശബ്ദമാണെന്നു കരുതിയാണ് ഇളയവൾ ഹൃദ്യ പുറത്തേക്കു ചെന്നത്. എന്നാൽ വാതിൽക്കൽ ചോരയിൽ കുളിച്ചു കിടക്കുന്ന അച്ഛനെയും കത്തിയും വാളുമായി നിൽക്കുന്ന കുറെപ്പേരെയുമാണ് അന്നവൾ കണ്ടത്.

ഓടി അച്ഛന്റെ അടുത്തേക്കു ചെന്ന ഹൃദ്യയെ അവർ ഭീഷണിപ്പെടുത്തി. എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ലെങ്കിലും അച്ഛന്റെ അറ്റുപോയ ശരീരഭാഗങ്ങൾ കണ്ട ആ അഞ്ചാം ക്ലാസുകാരി നടുങ്ങി. അക്രമികളെ തടയാൻ ഓടിയെത്തിയ അമ്മ വിനോദിനിയുടെ മുതുകത്ത് അവരിലൊരാൾ കത്തി കൊണ്ടു വരയുന്നതും അവൾ കണ്ടു.

മണിക്കൂറുകൾക്കു ശേഷം രൺജീത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും പൊതുദർശനത്തിന് വച്ചപ്പോഴുമെല്ലാം ഹൃദ്യയുടെ ശരീരം ഞെട്ടിവിറയ്ക്കുന്നുണ്ടായിരുന്നു. പിന്നെ കടുത്ത പനിയായി. ഇടയ്ക്കിടെ കുട്ടി പേടിച്ച് ഞെട്ടിയുണർന്നു. അഭിഭാഷകരായ രൺജീതും ലിഷയും പ്രണയിച്ചാണു വിവാഹിതരായത്. വ്യത്യസ്ത മതവിശ്വാസികൾ, വീട്ടുകാരെല്ലാം ഒപ്പം നിന്നു. 16 വർഷത്തെ ജീവിതം. കൂട്ടുകാരനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ലിഷയുടെ കണ്ണീരും നൊമ്പരക്കാഴ്ചയായിരുന്നു. ഡിസംബർ 25ന് ലിഷയുടെ പിറന്നാൾ ആഘോഷിക്കാൻ വയനാട്ടിലേക്കു പോകാനിരിക്കുകയായിരുന്നു കുടുംബം. 19 നായിരുന്നു ആ കുടുംബത്തെ തകർത്ത കൊലപാതകം.

6000 പേജ് നീണ്ട കുറ്റപത്രം, 156 പ്രോസിക്യൂഷൻ സാക്ഷികൾ
മാവേലിക്കര ∙ ആലപ്പുഴ ഡിവൈഎസ്പി ആയിരുന്ന എൻ.ആർ.ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത് 156 സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറിലേറെ തൊണ്ടി മുതലുകളും. വിരലടയാളം, ശാസ്ത്രീയ തെളിവുകൾ, ക്യാമറ ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയാറാക്കിയ യാത്രാവഴി എന്നിവയും തെളിവായി സമർപ്പിച്ചു. ക്രിമിനൽ നടപടി നിയമം 313 വകുപ്പ് പ്രകാരം ചോദ്യം ചെയ്ത് 6000 പേജുകളിലാണു വിചാരണ കോടതി ജഡ്ജി മൊഴി രേഖപ്പെടുത്തിയത്. പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയ ജുഡീഷ്യൽ ഓഫിസർമാർ, ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, കൊല്ലപ്പെട്ട രൺജീത്തിന്റെ അടുത്ത ബന്ധുക്കൾ തുടങ്ങിയവർ കേസിൽ സാക്ഷികളാണ്.

282 പേജിൽ വിധി ന്യായം
മുഴുവൻ പ്രതികൾക്കും വധശിക്ഷ വിധിച്ചു ചരിത്രമെഴുതിയ വിധിന്യായത്തിന് 282 പേജുകൾ. കേസ് അപൂർവങ്ങളിൽ അത്യപൂർവമല്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ലെന്നു വിധിന്യായത്തിൽ വ്യക്തമാണ്. രൺജീത് ഉൾപ്പെടെ കൊലപ്പെടുത്താനുള്ളവരുടെ പട്ടിക തയാറാക്കിയതിന്റെ തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകൾ കോടതി അംഗീകരിച്ചിരുന്നു.

prathap-padikkal
രൺജീത് ശ്രീനിവാസ് വധക്കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ്.ജി.പടിക്കൽ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിനെ കോടതിവളപ്പിൽ കണ്ടപ്പോൾ.

നിഷ്ഠൂര കൊലപാതകമെന്ന് പ്രോസിക്യൂഷൻ
നിരായുധനായ ഒരാളെ വീട്ടിൽ കുടുംബാംഗങ്ങളുടെ മുന്നിൽ കൊലപ്പെടുത്തിയ രീതിയും ഈ ശിക്ഷാവിധിക്കു കാരണമായിട്ടുണ്ടാകാമെന്നു സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ പറയുന്നു. മരിച്ചുവെന്ന് ഉറപ്പാക്കിയതിനു ശേഷവും മൃതശരീരം വെട്ടിനുറുക്കി വികൃതമാക്കി. ദൃക്സാക്ഷികൾ കുടുംബാംഗങ്ങൾ ആയതിനാൽ, അതു ചോദ്യം ചെയ്യാൻ പ്രതിഭാഗത്തിനു കഴിഞ്ഞില്ല.

എസ്ഡിപിഐ നേതാവ് ഷാൻ കൊല്ലപ്പെട്ട രാത്രി മുതൽ രൺജീത് ശ്രീനിവാസ് കൊല്ലപ്പെട്ട ദിവസം വരെയുള്ള പ്രതികളുടെ നീക്കങ്ങൾ ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെ തെളിയിക്കുന്നതിലും പ്രോസിക്യൂഷൻ വിജയിച്ചു. ഒന്നിലേറെ പേർ ഗൂഢാലോചന നടത്തി സംഘം ചേർന്നു നടത്തുന്ന കുറ്റകൃത്യത്തിൽ സംഭവസ്ഥലത്ത് ഇല്ലാത്തവരും ആ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി ഓർമിപ്പിച്ചു.

English Summary:

Renjith Sreenivas Murder Case Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com