ഒളിവിൽ കഴിഞ്ഞ ഒട്ടേറെ കേസുകളിലെ പ്രതി പിടിയിൽ

Mail This Article
തുറവൂർ∙ പത്തു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞ ഒട്ടേറെ കേസുകളിലെ പ്രതി പിടിയിൽ. അന്ധകാരനഴി വെണ്ടിയത്തും വീട്ടിൽ രഞ്ജിത്തിനെ(46)യാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ചേർത്തല ഡിവൈഎസ്‌പിയുടെ സ്‌ക്വാഡും അർത്തുങ്കൽ പൊലീസും ചേർന്ന് പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലെ വിവിധ ക്ഷേത്രങ്ങളിൽ വിഷണു എന്ന വ്യാജപേരിൽ ശാന്തിയായി വർഷങ്ങളായി പണിയെടുക്കുകയായിരുന്നു.
കുത്തിയതോട്, പട്ടണക്കാട്, ചേർത്തല, ആലപ്പുഴ നോർത്ത് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളും അർത്തുങ്കൽ സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതിയുമാണ്. കൊല്ലം വർക്കല ഭാഗത്ത് ഒരു ക്ഷേത്രത്തിൽ മേൽശാന്തിയായിരിക്കെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. വർക്കലയിൽ നിന്നും വിവാഹം കഴിച്ച് കുടുംബമായി താമസിച്ചു വരുകയായിരുന്നു രഞ്ജിത്ത്. ശാന്തിയായിരിക്കെ ചേർത്തല ഭാഗത്തെ ഗുണ്ടാ സംഘങ്ങൾക്കും ക്വട്ടേഷൻ സംഘങ്ങൾക്കും സഹായം നൽകിയരുന്നതായും പൊലീസ് പറഞ്ഞു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.