ADVERTISEMENT

മാവേലിക്കര ∙ നാടിന്റെ വർഷങ്ങളായുള്ള പ്രതീക്ഷ സജീവമാകുകയാണ്, കല്ലുമല റെയിൽവേ മേൽപാലത്തിന്റെ കല്ലിടൽ 26നു പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ വഴിയായി നിർവഹിക്കുമെന്ന വാർത്ത നാടിന് ഏറെ അഹ്ലാദം സമ്മാനിക്കുന്നത്. കിഫ്ബി വഴി 38.22 കോടി രൂപ വിനിയോഗിച്ചു നിർമിക്കുന്ന കല്ലുമല റെയിൽവേ മേൽപാലത്തിന്റെ ടെൻഡർ നടപടി 4 മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നു എം.എസ്.അരുൺകുമാർ എംഎൽഎ അറിയിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് അന്തിമ വിജ്ഞാപനം കഴിഞ്ഞ നവംബർ 22നു പ്രസിദ്ധീകരിച്ചിരുന്നു. 62.70 ആർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. 36 പുരയിടങ്ങളും 6 പുറമ്പോക്ക് ഭൂമിയും ഉൾപ്പെടുന്ന പദ്ധതി പ്രദേശത്തെ 39 പേർക്കു നഷ്ടപരിഹാരമായി 10.69 കോടി രൂപ നൽകി. ഉടമകൾ 28നു മുൻപായി ഒഴിഞ്ഞു മാറാൻ കിഫ്ബി കത്തു നൽകി.

10 വൈദ്യുതി പ്രസരണ ലൈനുകൾ മാറ്റി സ്ഥാപിക്കും
പദ്ധതി പ്രദേശത്തെ കെഎസ്ഇബിയുടെ വൈദ്യുത പ്രസരണ ടവറുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന മണ്ണ് പരിശോധന റിപ്പോർട്ടും ടവർ ഫൗണ്ടേഷൻ ഡിസൈനും റെയിൽവേ അംഗീകരിച്ചു. കോട്ടയം പള്ളത്തു നിന്നും മാവേലിക്കരയിലേക്കുള്ള 66 കെവി വൈദ്യുത പ്രസരണ ലൈനിലെ 10 ടവറുകൾ മാറ്റി ആധുനിക സാങ്കേതിക വിദ്യയിലുള്ള മൂന്നു ടവറുകളാണ് സ്ഥാപിക്കുന്നത്. നിലവിലെ ടവറുകൾക്കു 8 മുതൽ 9 വരെ മീറ്ററാണ് ഉയരം. പുതിയ ടവറുകൾ 35 മീറ്ററിലേറെ ഉയരം ഉള്ളവയാണ്. ഇതിനായി 2.1 കോടി രൂപ കെഎസ്ഇബി പ്രസരണ വിഭാഗത്തിനു അടച്ചതായി പദ്ധതി നടത്തിപ്പുകാരായ ആർബിഡിസികെ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ ഡോ. ബിജു ജേക്കബ് പറഞ്ഞു. റെയിൽവേ ലൈനിന്റെ കിഴക്കുഭാഗത്ത് 3, പടിഞ്ഞാറ് ഒരു ടവറുമാണ് വരുന്നത്. ടവർ നിർമാണ സാമഗ്രികൾ വൈദ്യുതി പ്രസരണ വിഭാഗത്തിന്റെ ചെങ്ങന്നൂർ സബ് സ്റ്റേഷനിൽ എത്തി. ബിഎസ്എൻഎൽ, ജല അതോറിറ്റി ലൈനുകളും സമയബന്ധിതമായി മാറ്റി സ്ഥാപിക്കും.

നാടിന്റെ സ്വപ്നത്തിന് പ്രതീക്ഷയുടെ ചിറക് വിരിയുന്നു
പ്രഫ.പി.ജെ.കുര്യൻ മാവേലിക്കര എംപി ആയിരിക്കെ മാവേലിക്കര ബുദ്ധജംക്‌‌ഷൻ–കല്ലുമല റോഡിൽ സ്ഥിതി ചെയ്യുന്ന മാവേലിക്കര റെയിൽവേ സ്റ്റേഷന് വടക്കുള്ള എൽസി നമ്പർ 28ൽ മേൽപാലം നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമിട്ടു. പിന്നീട് രമേശ് ചെന്നിത്തല, സി.എസ്.സുജാത എന്നിവർ മണ്ഡലത്തെ പ്രതിനിധീകരിച്ചപ്പോൾ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി. ലവൽക്രോസിൽ മേൽപാലം അനിവാര്യമാണോ എന്നതു പരിശോധിക്കാൻ വിവിധ സമയങ്ങളിൽ ലെവൽക്രോസിലെ ഗതാഗതത്തിരക്ക് പരിശോധിച്ചു. ഇതിന്റെ ഫലമായി ലവൽക്രോസ് അനിവാര്യമാണെന്നു ബോധ്യപ്പെട്ടു നടപടികൾ പൂർത്തീകരിച്ചു. 

കൊടിക്കുന്നിൽ സുരേഷ് ആദ്യ തവണ എംപി ആയപ്പോൾ മേൽപാലം ആവശ്യമായ ലവൽക്രോസ് എന്ന റെയിൽവേയുടെ ലിസ്റ്റിൽ കല്ലുമലയെ ഉൾപ്പെടുത്തി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ എംഎൽഎ ആർ.രാജേഷിന്റെ ശ്രമഫലമായി കല്ലുമല ലവൽക്രോസ് സംസ്ഥാന സർക്കാരിന്റെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തി. റെയിൽവേയുടെ ചുമതലയുള്ള അന്നത്തെ സംസ്ഥാനത്തെ മന്ത്രി ജി.സുധാകരന്റെ ശ്രമഫലമായി 2018-19 ലെ ബജറ്റിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലത്തു എം.എസ്.അരുൺകുമാർ എംഎൽഎയുടെ സജീവമായ ഇടപെടലിനെ തുടർന്നു കിഫ്ബി വഴി 38.22 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന കല്ലുമല റെയിൽവേ മേൽപാലം പദ്ധതി പ്രവർത്തനങ്ങൾ സജീവമാക്കി. സാമൂഹിക പ്രത്യാഘാത പഠനം നടത്തി ഭൂമി നഷ്ടമാകുന്നവർക്കു നഷ്ടപരിഹാരം നൽകി.

മേൽപാലത്തിന് 500 മീറ്റർ നീളം
ലവൽക്രോസിനു പടിഞ്ഞാറ് ഗവ. ആയുർവേദ ആശുപത്രിക്ക് സമീപം വെള്ളൂർകുളം മുതൽ കിഴക്കു ബിഷപ് മൂർ കോളജ് ഹോസ്റ്റലിന് സമീപം വരെ 500 മീറ്റർ നീളത്തിലും 10.2 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമാണം. ഒന്നര മീറ്റർ വീതിയിൽ ഒരു വശത്ത് നടപ്പാതയും ഉണ്ടാകും. പാളം മറികടക്കുന്ന സ്ഥലത്ത് 8.3 മീറ്ററാണ് പാലത്തിന്റെ ഉയരം.

പദ്ധതി പ്രദേശം മാർച്ചിൽ കൈമാറും
മാർച്ച് 11നു പദ്ധതി പ്രദേശം റോഡ്സ് ആൻഡ് ബ്രിഡ്ജ്സ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരളക്കു (ആർബിഡിസികെ) കൈമാറും. ഇതിനു ശേഷം സാങ്കേതിക അനുമതിക്കായി പൊതുമരാമത്ത് ബ്രിഡ്ജ്സ് വിഭാഗം ചീഫ് എൻജിനീയർ, പൊതുമരാമത്ത് ഡിസൈൻ വിഭാഗം ചീഫ് എൻജിനീയർ, ആർബിഡിസികെ ജനറൽ മാനേജർ എന്നിവർ അടങ്ങുന്ന സാങ്കേതിക കമ്മിറ്റിക്ക് എസ്റ്റിമേറ്റ് സമർപ്പിക്കും. നിലവിൽ 2016ലെ ഡൽഹി ഷെഡ്യൂൾഡ് റേറ്റ് (ഡിഎസ്ആർ) അനുസരിച്ചാണ് എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. ഇതു 2018ലെ ഡിഎസ്ആർ അനുസരിച്ച് പുതുക്കും. സാങ്കേതിക അനുമതിക്കും കിഫ്ബി അംഗീകാരത്തിനും ശേഷം ടെൻഡർ നടപടി ആരംഭിക്കും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com