ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ചിത്തിര ഉത്സവത്തിന് കൊടിയേറി

Mail This Article
ഹരിപ്പാട് ∙ ഹരഹരോഹര മന്ത്ര ധ്വനികളും വായ്ക്കുവയും വാദ്യമേളങ്ങളും നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന് കൊടിയേറി. തന്ത്രിമാരായ കിഴക്കേ പുല്ലാംവഴി കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി, പടിഞ്ഞാറേ പുല്ലാംവഴി ദേവൻ കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറിയത്. തുടർന്ന് നടന്ന കൊടിയേറ്റ് സദ്യയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
കൊടിയേറ്റിനു മുൻപായി കരുവാറ്റ തട്ടുപുരയ്ക്കൽ കളരിക്കൽ ക്ഷേത്രത്തിൽ നിന്നും കുടുംബമൂപ്പന്റെ നേതൃത്വത്തിൽ കുട്ടക്കാഴ്ച സമർപ്പണം നടത്തി. ദേവപ്രജാപതി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ അരനാഴിക സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നു വിഷുച്ചമയവും ദേശതാലവും നടന്നു. ക്ഷേത്രത്തിലെ സ്വർണക്കൊടിമരത്തിൽ കൊടി കയറുന്നതിനൊപ്പം 8 ദിക്കുകളിലായി ദിക്കുകൊടികളും ഉയർത്തി.
കൊടിയേറ്റു ദിവസം രാത്രിയിൽ മുളയറയിൽ പതിനാറ് ഓട്ടുപാത്രങ്ങളിൽ പുറ്റുമണ്ണും മണലും ചാണകപ്പൊടിയും കൊണ്ട് നിറച്ച് പുറത്ത് ആലും, മാവും, കറുകയും, ഉഴിഞ്ഞയും, കൂർച്ചയും കെട്ടി പത്മത്തിൽ വച്ചു. ഇവയിൽ ഒൻപത് മുളദ്രവ്യങ്ങൾ വിതച്ചു. ദിവസവും രാവിലെയും വൈകിട്ടും മുളപൂജ ചടങ്ങ് ആരംഭിച്ചു.വിഷുക്കണി ദർശനത്തിന് വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. വിഷുക്കണി ദർശനത്തിനു ശേഷം കാവടി അഭിഷേകം നടന്നു.
ക്ഷേത്രത്തിൽ ഇന്ന്
പുലർച്ചെ 5.30ന് പറകൊട്ടിപ്പാട്ട്, രാവിലെ 6.30ന് ഹരിപ്പാട് അരവിന്ദാക്ഷൻ പിള്ളയുടെ ഭാഗവതപാരായണം, 8ന് ശ്രീബലി എഴുന്നള്ളത്ത്, 10ന് എസ്. ദേവികയുടെ ഓട്ടൻതുള്ളൽ, 11ന് ബാംസുരി നാരായണീയ സമിതിയുടെ നാരായണീയ പാരായണം, 11.30ന് ഉത്സവബലി ദർശനം, 12ന് അന്നദാനം, ഒന്നിന് ശ്രീരുദ്ര കലാസമിതിയുടെ തിരുവാതിര, 2ന് പി.പി. ചന്ദ്രന്റെ പാഠകം, 2.45ന് ശ്രീകൃഷ്ണ തിരുവാതിര സമിതിയുടെ തിരുവാതിര, 3.30ന് കാരേറ്റ് ജയകുമാറിന്റെ കഥാ പ്രസംഗം, വൈകിട്ട് 6ന് പുഷ്പാലങ്കാരം, ദീപക്കാഴ്ച, കുമാരപുരം സത്യനേശനും സംഘവും നയിക്കുന്ന വേലകളി, സോപാനസംഗീതം, 6.30ന് സേവ, രാത്രി 8.45 ന് കീഴ്തൃക്കോവിൽ കൊടിയേറ്റ്. 9.45ന് വിളക്ക് എഴുന്നള്ളത്ത്, ഗംഗ ശശിധരൻ, സി.എസ്. അനുരൂപ് എന്നിവരുടെ വയലിൻ കച്ചേരി.
കീഴ്‌തൃക്കോവിൽ കൊടിയേറ്റ് ഇന്ന്
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിഷുദിനത്തിലെ പ്രധാന കൊടിയേറ്റ് കൂടാതെ മൂന്നാം ഉത്സവത്തിന് മൂല സ്ഥാനമായ കീഴ്‌തൃക്കേവിലിൽ കൊടിയേറും. ഇന്നു രാത്രി 8.45നാണ് കൊടിയേറ്റ്. ആനപ്പുറത്ത് വേല–സേവ എഴുന്നള്ളിപ്പ് ആരംഭിച്ചു.