ചെട്ടികുളങ്ങരക്ഷേത്രം: കാർത്തിക ദർശനപുണ്യം നുകർന്ന് ഒട്ടേറെ ഭക്തർ

Mail This Article
ചെട്ടികുളങ്ങര ∙ തിരുവാഭരണത്തിലെ തങ്ക പ്രഭയിൽ പ്രശോഭിച്ച ദേശദേവതയുടെ തേജോമയ രൂപം ദർശിച്ച് പുണ്യം നുകരാൻ ഭക്തരുടെ തിരക്ക്. ചുട്ടു പൊള്ളുന്ന വെയിലിനെയും വൈകിട്ട് പെയ്ത വേനൽമഴയെയും അവഗണിച്ച് ഭക്തർ കാർത്തിക ദർശനം നടത്തി. രാജഭരണകാലത്തു നടയ്ക്കു സമർപ്പിച്ച അമൂല്യമായ ആഭരണങ്ങൾ ഉൾപ്പെടുന്ന ചെട്ടികുളങ്ങരയിലെ തിരുവാഭരണങ്ങൾ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമിൽ നിന്നും ഏറ്റുവാങ്ങി കഴിഞ്ഞദിവസം രാത്രി ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ എതിരേൽപ് മണ്ഡപത്തിൽ ഘോഷയാത്രയായി എത്തിച്ചു.
ഇന്നലെ രാവിലെ 13 കരക്കാരും ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികളും ദേവസ്വം ബോർഡ് പ്രതിനിധികളും ചേർന്നു പേടകങ്ങൾ സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തിലേക്ക് ആനയിച്ചു. തന്ത്രി പ്ലാക്കുടി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ തിരുവാഭരണങ്ങൾ ദേവിക്കു ചാർത്തി.
ഇന്നലെ വൈകിട്ടു 6 വരെ ഒട്ടേറെ ഭക്തർ തിരുവാഭരണം ചാർത്തിയ ദേവിയെ ദർശിച്ചു. തങ്കത്തിരുമുഖം, നാഗപത്തി കിരീടം, ഇളക്കത്താലി, നാഗഫണ മാല, കൂട്ടത്താലി, മുല്ലമൊട്ടു മാല, പിച്ചിമൊട്ടു മാല, പാലയ്ക്കാ മാല, കാശുമാല, വളകൾ, നവരത്നം പതിച്ച വലംപിരി ശംഖ് തുടങ്ങിയവയാണു പ്രധാനമായും ദേവിയെ അണിയിച്ചത്. മീന മാസത്തിലെ ഭരണി നാളിൽ മാതൃ സ്ഥാനത്തുള്ള കൊടുങ്ങല്ലൂർ ഭഗവതിയുടെ സന്നിധിയിൽ ചെലവഴിച്ച ശേഷം കാർത്തിക നാളിൽ മടങ്ങിയെത്തുന്ന ചെട്ടികുളങ്ങര ദേവിയെ തിരുവാഭരണച്ചാർത്തിൽ ദർശിക്കുന്നതു അനുഗ്രഹമാണെന്നാണു ഭക്തരുടെ വിശ്വാസം.
ചടങ്ങുകൾക്കു ചെട്ടികുളങ്ങര ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് ബി.ഹരികൃഷ്ണൻ, സെക്രട്ടറി എം.മനോജ് കുമാർ, ട്രഷറർ പി.രാജേഷ്, വൈസ് പ്രസിഡന്റ് വി.അനിൽകുമാർ, ജോയിന്റ് സെക്രട്ടറി ജി.സതീഷ്, ചെട്ടികുളങ്ങര ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അഖിൽ ജി.കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. വൈകിട്ടു ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അംഗീകരിക്കപ്പെട്ട 45 കുത്തിയോട്ട ആശാന്മാരും മൂവായിരത്തിലേറെ ചുവടുകാരും ആയിരത്തിലേറെ താനവട്ടക്കാരും പങ്കെടുത്ത കുത്തിയോട്ടം നടന്നു. പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തയാറാക്കിയ അന്നദാനം ഉണ്ടായിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ദാഹജല വിതരണം നടത്തി.