കൊച്ചിയെ പച്ചപുതപ്പിക്കാൻ ‘സിറ്റീസ് ഫോർ ഫോറസ്റ്റ്’

Mail This Article
കൊച്ചി∙ നഗരങ്ങളെ കൂടുതൽ ഹരിതാഭമാക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യാന്തരക്കൂട്ടായ്മയായ ‘സിറ്റീസ് ഫോർ ഫോറസ്റ്റ്’ കൊച്ചിയിലെ പദ്ധതി പ്രവർത്തനൾക്കു തുടക്കം കുറിക്കുന്നു. വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിനു കീഴിലുളള ‘സിറ്റീസ് ഓഫ് ഫോറസ്റ്റ്’ ഹരിത പദ്ധതിക്കായി തിരഞ്ഞെടുത്ത ലോക നഗരങ്ങളിൽ ഇന്ത്യയിലെ ഏക നഗരമാണു കൊച്ചി. കൊച്ചിയിലെത്തിയ സീറ്റീസ് ഓഫ് ഫോറസ്റ്റ് പ്രതിനിധി സംഘം നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളും വന മേഖലകളും സന്ദർശിച്ചു വിലയിരുത്തി.
ഇന്നലെ കളമശേരി എച്ച്എംടി വ്യവസായ മേഖലയോടു ചേർന്നുള്ള നൂറേക്കറോളം വിസ്തൃതിയുള്ള വന മേഖല ഇവർ സന്ദർശിച്ചു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 192 ഇനങ്ങളിലുള്ള പക്ഷികളെ ഉൾപ്പെടെ കണ്ടെത്തിയ ജൈവ വൈവിധ്യ മേഖലയാണിവിടം. കൊച്ചിയിൽ നിലവിലുള്ള ജൈവമേഖല നിലനിർത്താനും പൊതു ഇടങ്ങൾ കേന്ദ്രീകരിച്ചു കൂടുതൽ ഹരിത മേഖല രൂപപ്പെടുത്താനുമുള്ള സാങ്കേതിക സഹായമാവും സിറ്റീസ് ഓഫ് ഫോറസ്റ്റ് നൽകുക.
നഗര മേഖലയിൽ പരമാവധി വൃക്ഷങ്ങൾ നിലനിർത്തുകയും പുതിയവ വച്ചുപിടിപ്പിക്കുകകയും ചെയ്യുക എന്നതാണു ലക്ഷ്യം. ഇതിനായി നിലവിലുള്ള ജൈവ വൈവിധ്യ മേഖലയുടെ കൃത്യമായ കണക്കെടുപ്പാണ് ആദ്യ പടി. ഇതിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ കൗൺസിലർമാർക്കായുള്ള പരിശീലന പരിപാടി 9,10,11 തീയതികളിൽ സെന്റ് തെരേസാസ് കോളജിൽ നടക്കും. പൊതുജന ബോധവൽകരണ പരിപാടികളും സംഘടിപ്പിക്കും.