ഡ്രജ് ചെയ്ത മണ്ണ് വ്യക്തിയുടെ പറമ്പിലേക്കു മാറ്റി, പ്രതിഷേധം

Mail This Article
പുത്തൻവേലിക്കര ∙ ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായി പുഴയിൽ നിന്നു ഡ്രജ് ചെയ്ത മണ്ണു വ്യക്തിയുടെ പറമ്പിലേക്കു മാറ്റിയതു പ്രതിഷേധത്തിനിടയാക്കി. ദുരന്ത ലഘൂകരണത്തിന്റെ ഭാഗമായി പുഴയുടെ ആഴം വർധിപ്പിക്കാൻ തുരുത്തിപ്പുറം ഭാഗത്തു 3 ആഴ്ചയായി മേജർ ഇറിഗേഷൻ വകുപ്പാണു ഡ്രജ് ചെയ്യുന്നത്. ഡ്രജ് ചെയ്ത മണ്ണ് പുഴയുടെ സമീപം കരയിൽ കയറ്റി വച്ചിരുന്നു. ഇന്നലെ രാവിലെ 11 ലോഡ് മണ്ണ് മിനി ലോറിയിൽ വ്യക്തിയുടെ പറമ്പിലേക്കു കൊണ്ടുപോയതാണു തർക്കങ്ങൾക്കു കാരണം.
ഡ്രജ് ചെയ്ത മണ്ണ് വെള്ളോട്ടുംപുറം ഭാഗത്ത് ഓരുജലം കയറുന്ന പ്രശ്നം പരിഹരിക്കാൻ ഉപയോഗിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മണ്ണ് പരസ്യമായി ലേലം ചെയ്യുമെന്നാണു മേജർ ഇറിഗേഷൻ വകുപ്പ് അറിയിച്ചത്. ഈ മണ്ണു പുഴയുടെ അരികിൽ നിന്നു മാറ്റിയിടാൻ തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി പള്ളി അധികൃതരോടും ഈ വ്യക്തിയോടും ബന്ധപ്പെട്ടവർ സ്ഥലം ആവശ്യപ്പെട്ടിരുന്നു. പള്ളിയുടെ സ്ഥലത്ത് ഇടാൻ പള്ളി അധികൃതർ അനുമതി നൽകുകയും ചെയ്തു.
എന്നാൽ, പള്ളിയുടെ സ്ഥലം ഉപയോഗിക്കാതെ വ്യക്തിയുടെ പറമ്പിലേക്കു മാറ്റിയതിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി, വൈസ് പ്രസിഡന്റ് എം.പി.ജോസ്, സ്ഥിരം സമിതി അധ്യക്ഷൻ ഡ്യൂയി ജോൺ, അംഗങ്ങളായ സുമ സോമൻ, അനോഷ് കല്ലറയ്ക്കൽ എന്നിവർ സ്ഥലത്തെത്തി പ്രവൃത്തി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. മണ്ണു താൽക്കാലികമായി മാത്രമാണു വ്യക്തിയുടെ പറമ്പിലേക്കു മാറ്റുന്നതെന്ന് ഉദ്യോഗസ്ഥർ പഞ്ചായത്ത് അധികൃതരോടു പറഞ്ഞെങ്കിലും ജനങ്ങളുടെ ആശങ്ക പരിഹരിച്ച ശേഷം മാത്രം മണ്ണു മാറ്റിയാൽ മതിയെന്നു പഞ്ചായത്ത് അധികൃതർ നിർദേശിച്ചു.