ഷീറ്റ് പൈലിങ് ഫലം കണ്ടില്ല; മണ്ണിടിച്ചിൽ ഭീതിയിൽ കുടുംബങ്ങൾ

Mail This Article
പെരുമ്പാവൂർ ∙ വല്ലം കടവ് പാലത്തിന്റെ അനുബന്ധ റോഡിനായി സ്ഥലം വിട്ടുനൽകിയ കുടുംബങ്ങളുടെ അവശേഷിക്കുന്ന സ്ഥലത്തെ മണ്ണിടിച്ചിൽ ഒഴിവാക്കാൻ നടത്തിയ ഷീറ്റ് പൈലിങ് ഫലപ്രദമായില്ല. ഉയരം കുറഞ്ഞ ഷീറ്റുകൾ സ്ഥാപിച്ച ഭാഗത്തു വീണ്ടും മണ്ണിടിഞ്ഞു. കാലവർഷക്കാലത്ത് മണ്ണിടിച്ചിൽ ഭീഷണിയിൽ കഴിയുകയാണ് ഓവുങ്ങത്തോടിനു സമീപത്തെ കുടുംബങ്ങൾ. കഴിഞ്ഞ മേയിൽ മണ്ണിടിച്ചിലിനെ തുടർന്നു വല്ലം ഓവുങ്ങത്തോടിനു സമീപം താമസിക്കുന്ന ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചിരുന്നു. ഇതിനു ശേഷമാണു ഷീറ്റ് പൈലിങ് നടത്തിയത്. ഉയരം കൂടിയ ഇരുമ്പു ഷീറ്റുകൾ സ്ഥാപിച്ച ഭാഗത്തു പ്രശ്നമില്ല. എന്നാൽ ഉയരം കുറഞ്ഞ ഷീറ്റുകൾ സ്ഥാപിച്ച ഭാഗത്തു വീണ്ടും ഇടിഞ്ഞു.
റോഡ് നിർമാണത്തിനായി 30 അടിയോളം താഴ്ത്തിയ സ്ഥലത്തേക്ക് ഇവരുടെ പുരയിടങ്ങളിൽ നിന്നു മണ്ണിടിയുകയാണ്. റോഡ് നിർമാണത്തിനായി മണ്ണെടുത്തതു മുതൽ മണ്ണിടിച്ചിൽ ഉണ്ട്. മഴ കനത്തതോടെ മണ്ണിടിച്ചിൽ വർധിച്ചു. പെരിയാറിനു കുറുകെ നിർമിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിനായി ഒരു സെന്റ് മുതൽ 10 സെന്റ് വരെ സ്ഥലം നൽകിയ പത്തിലധികം കുടുംബങ്ങളാണ് ഭീതിയിലായത്.അപ്രോച്ച് റോഡിനു വേണ്ടി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സ്ഥലം താഴ്ത്തുകയായിരുന്നു. ഇതോടെയാണു മണ്ണിടിച്ചിൽ തുടങ്ങിയത്. വല്ലം കടവ് റോഡിൽ നിന്ന് 500 മീറ്ററാണു അപ്രോച്ച് റോഡിന്റെ നീളം. തോട്ടിലൂടെ മഴവെള്ളം കുത്തിയൊഴുകുന്നതും മണ്ണിടിച്ചിലിനു കാരണമാണ്.