അംബികാസുതൻ മാങ്ങാടിന് ഓടക്കുഴൽ പുരസ്കാരം സമർപ്പിച്ചു

Mail This Article
കൊച്ചി ∙ ‘പ്രാണവായു’ അംബികാസുതന് മാത്രം എഴുതാൻ സാധിക്കുന്ന കഥയെന്നു ഡോ. എം. ലീലാവതി. ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2022ലെ ഓടക്കുഴൽ പുരസ്കാരം അംബികാസുതൻ മാങ്ങാട് എഴുതിയ കഥാസമാഹാരത്തിനു സമ്മാനിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അവർ. ‘നാടിനെപ്പറ്റി ആശങ്കകളുള്ള വ്യക്തിയാണ് അംബികാസുതൻ. ഗംഗാനദി ശുദ്ധീകരണത്തെപ്പറ്റി ‘പ്രാണവായു’ എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
കഥയിൽ പറഞ്ഞതുപോലെ നദിയിൽ മാലിന്യം ഇടാതിരുന്നാൽ മാത്രം മതി. അതു രാഷ്ട്രീയക്കാർ വഴി പ്രധാനമന്ത്രി നരേന്ദ്രമോദി അറിഞ്ഞ് അംബികാസുതന്റെ പരാമർശം നടപ്പാക്കിയാൽ അതായിരിക്കും കഥാകാരനു ലഭിക്കാവുന്ന വലിയ പുരസ്കാരം’– എം. ലീലാവതി പറഞ്ഞു. സാറാ ജോസഫ് മുഖ്യാതിഥിയായിരുന്നു. ഗുരുവായൂരപ്പൻ ട്രസ്റ്റ് സെക്രട്ടറി ജി. മധുസൂദനൻ, ഡോ. ഇ. ഉണ്ണിക്കൃഷ്ണൻ, അംബികാസുതൻ മാങ്ങാട്, പി.യു. അമീർ എന്നിവർ പ്രസംഗിച്ചു. കവി സമ്മേളനവും നടത്തി.