127 വയസ്സായെന്നു സ്വാമി ശിവാനന്ദ; അമ്പരന്ന് ആദരമർപ്പിച്ച് ഭക്തർ
Mail This Article
കാലടി∙ തനിക്ക് 127 വയസ്സായെന്നു സ്വാമി ശിവാനന്ദ. അദ്ദേഹത്തിന്റെ പ്രസരിപ്പും ഉൗർജസ്വലതയും കണ്ട് അമ്പരന്ന് ആരാധകർ. ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലും ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും ഇന്നലെ എത്തിയ സ്വാമിയെ ഭക്തർ ആവേശപൂർവം സ്വീകരിച്ചു. വാരാണസിയിലെ ശിവാനന്ദാശ്രമം കർമരംഗമാക്കിയ സ്വാമി കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേയാണു കാലടിയിൽ എത്തിയത്.
24 മുതൽ 26 വരെ അവിടെ വിവേകാനന്ദ മെമ്മോറിയൽ ഫൗണ്ടേഷന്റെ വാർഷികാഘോഷ പരിപാടിയിൽ സ്വാമിയാണു മുഖ്യാതിഥി. ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമത്തിൽ ശ്രീരാമകൃഷ്ണ ജയന്തിയോടനുബന്ധിച്ചു നടന്ന പൂജകളിലും ഹോമത്തിലും സ്വാമി പങ്കെടുത്തു. അദ്വൈത ആശ്രമത്തിന്റെ കീഴിലുള്ള ബ്രഹ്മാനന്ദോദയം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമായി സംവദിച്ചു.
ചിട്ടയായ ജീവിതക്രമം, സാമൂഹിക സേവന ജീവിതം, യോഗ, പകൽ ഉറക്കമില്ല, പാൽ, എണ്ണ, ഉപ്പ് എന്നിവ ഉപയോഗിക്കില്ല, തന്റെ 127 വർഷ ജീവിതത്തിന്റെ രഹസ്യം ഇതാണെന്ന് സ്വാമി പറയുന്നു. 50 വർഷമായി കുഷ്ഠ രോഗികളെ പരിപാലിക്കുന്നതിനു ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണ് സ്വാമി ശിവാനന്ദ. 2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.