ചാറ്റൽമഴ തുണച്ചു; വായു മലിനീകരണത്തിൽ നേരിയ മാറ്റം: ഡൽഹിയിൽ ഗ്രാപ്–4 പിൻവലിച്ചു

Mail This Article
വായു മലിനീകരണം അതിരൂക്ഷമായതിനെത്തുടർന്ന് ഡൽഹിയിൽ ബുധനാഴ്ച ഏർപ്പെടുത്തിയ ഗ്രാപ്–4 (ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍-4) നിയന്ത്രണങ്ങൾ പിൻവലിച്ചു. വായു ഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെട്ടതിനെ തുടർന്നാണ് നടപടി. വ്യാഴാഴ്ച രാവിലെ ഡൽഹിയിലെ പലയിടങ്ങളിലും ചാറ്റൽമഴ അനുഭവപ്പെട്ടിരുന്നു. ഇതാണ് വായുഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചത്.
അതിശൈത്യം, മൂടൽമഞ്ഞ്, വേഗതകുറഞ്ഞ കാറ്റ് എന്നിവയാണ് മലിനീകരണതോത് കൂടാൻ കാരണമായത്. ഗ്രാപ് 3 നിയന്ത്രണങ്ങൾ കുറച്ചുദിവസങ്ങളായി തുടരുന്നുണ്ടെങ്കിലും ബുധനാഴ്ച വായുഗുണനിലവാര സൂചിക ഗുരുതരമായ അവസ്ഥയിലേക്ക് (AQI396) കടന്നതോടെ ഗ്രാപ്–4 നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.

മലിനീകരണത്തിന്റെ തോത് അനുസരിച്ച് 6 ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. വായു മലിനീകരണ തോത് (എക്യുഐ) പൂജ്യം മുതൽ 50 വരെയാണ് മികച്ച വായു ഗുണനിലവാരം എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. 50–100 ഉചിതം, 100–200 മോശം അവസ്ഥ, 200–300 മോശം, 300–400 വളരെ മോശം, 400–450 കടുത്ത വായു മലിനീകരണം, 450ന് മുകളിൽ ‘സിവിയർ പ്ലസ്’ എന്ന വിഭാഗത്തിലും ഉൾപ്പെടുന്നു.
ഗ്രാപ് ഫോറിന്റെ കീഴിൽ വരുന്ന നിയന്ത്രണങ്ങൾ ഇങ്ങനെ:
> മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന സിഎൻജി, ഇലക്ട്രിക് ട്രക്കുകളും അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന ട്രക്കുകളും മാത്രമേ അനുവദിക്കൂ.
> ഡൽഹിക്ക് പുറത്തുള്ള റജിസ്റ്റർ ചെയ്യുന്ന ലഘു വാണിജ്യ വാഹനങ്ങൾക്കും പ്രവേശനം അനുവദിക്കില്ല.
> ബിഎസ്–4 നിലവാരത്തിലുള്ളതും താഴെയുള്ളതുമായ വാഹനങ്ങൾക്കും ഹെവി ഗുഡ് വെഹിക്കിളുകൾക്കും പ്രവേശനം ഉണ്ടാകില്ല.
> 10,12 ക്ലാസുകൾ ഒഴികെയുള്ളവർക്ക് ഓൺലൈൻ ക്ലാസ്.