ട്രംപ് ചുമതലയേൽക്കാൻ 3 ദിവസങ്ങൾ മാത്രം; വൈറ്റ്ഹൗസിലെ നല്ലോർമകൾ പങ്കുവെച്ച് മകൾ ഇവാൻകയുടെ വൈകാരിക കുറിപ്പ്

Mail This Article
വാഷിങ്ടൺ ∙ യുഎസിന്റെ പുതിയ പ്രസിഡന്റായി പിതാവ് ഡോണൾഡ് ട്രംപ് രണ്ടാം വട്ടം അധികാരത്തിൽ പ്രവേശിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ വൈറ്റ് ഹൗസിലെ മുൻകാല ഓർമ്മകൾ പങ്കുവെച്ച് മകൾ ഇവാൻകയുടെ വൈകാരിക കുറിപ്പ്.
ട്രംപിന്റെ ആദ്യ ഭരണത്തിനിടെ കുടുംബത്തിനൊപ്പം വൈറ്റ് ഹൗസിൽ ജീവിച്ച കാലത്തെ പ്രത്യേക നിമിഷങ്ങൾ എന്നു പറഞ്ഞാണ് ചിത്രങ്ങളും വിഡിയോകളും സഹിതം സാമൂഹികമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ ഇവാൻകയുടെ കുറിപ്പ്. ഈ മാസം 20നാണ് ട്രംപ് വീണ്ടും അധികാരത്തിൽ പ്രവേശിക്കുന്നത്.

വൈറ്റ് ഹൗസിൽ മകൾക്കൊപ്പം നിൽക്കുന്നതും ട്രംപിന്റെ ആദ്യ ഭരണത്തിന്റെ ഒന്നാം ദിവസത്തെ ഉദ്ഘാടന ഗാലയ്ക്കിടെ ഭർത്താവ് ജറാദ് കുഷ്നറിനൊപ്പം ഡാൻസ് ചെയ്യുന്നതും ഉൾപ്പെടെ അനവധി വ്യക്തിഗത ചിത്രങ്ങളും വിഡിയോകളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
രണ്ടാം വട്ടം ചുമതലയേൽക്കുന്ന ദിവസം അടുത്തുവരവെ 8 വർഷം മുൻപ് പിതാവിനും കുടുംബത്തിനുമൊപ്പം വൈറ്റ് ഹൗസിലെ എയർഫോഴ്സ് വണ്ണിൽ ആദ്യമായി കാലുകുത്തിയ പ്രത്യേക നിമിഷങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും ആ നല്ല നിമിഷങ്ങളെ നന്ദിയോടെ ഓർക്കുന്നുവെന്നുമാണ് ഇവാൻകയുടെ കുറിപ്പുകളിലൊന്നിൽ പറയുന്നു. പങ്കുവെച്ച ചിത്രങ്ങളിൽ കൂടുതലും 45–ാമത് യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിന്റെ ആഘോഷ ചിത്രങ്ങളായിരുന്നു.
47–ാമത് യുഎസ് പ്രസിഡന്റ് ആയുള്ള ട്രംപിന്റെ രണ്ടാം വട്ട സത്യപ്രതിജ്ഞാ ചടങ്ങിനായി കാത്തിരിക്കുന്നതിലെ ആവേശവും ഇവാൻക പങ്കുവെച്ചു. പിതാവിന്റെ കരുത്തിലും വിശ്വസ്തതയിലും അഭിമാനിക്കുന്നുവെന്നും പുതിയ ചരിത്ര നേട്ടം പിതാവിനൊപ്പം ആഘോഷിക്കാൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും ഇവാൻക കുറിച്ചു. അനവധി പേരാണ് ഇവാൻകയുടെ പോസ്റ്റിന് മറുപടി നൽകിയിരിക്കുന്നത്.
പോസ്റ്റ് വായിക്കാം|: https://x.com/IvankaTrump/status/1879958660312625179