മൂവാറ്റുപുഴ – പണ്ടപ്പിള്ളി – കൂത്താട്ടുകുളം റോഡ്: സർവേ വീണ്ടും നടത്തുന്നു

Mail This Article
മൂവാറ്റുപുഴ∙ കിഫ്ബി 450 കോടി രൂപ അനുവദിച്ച മൂവാറ്റുപുഴ – പണ്ടപ്പിള്ളി – കൂത്താട്ടുകുളം റോഡ് നിർമാണം ആരംഭിക്കാൻ വീണ്ടും സർവേ നടത്തുന്നു. റോഡിനായി നേരത്തെ അളന്നു സ്ഥാപിച്ചിരുന്ന സർവേക്കല്ലുകളിൽ ഭൂരിപക്ഷവും കാണാതായതിനെ തുടർന്നു വീണ്ടും കല്ലുകൾ സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചിരുന്നു.
എന്നാൽ അലൈൻമെന്റ് കൃത്യമായി നിശ്ചയിച്ചു സർവേ നടത്തിയ ശേഷമേ കല്ലുകൾ സ്ഥാപിക്കാവൂ എന്ന ആവശ്യവുമായി നാട്ടുകാർ പ്രതിഷേധം ഉയർത്തി. ഇതേ തുടർന്ന് സർവേ നടത്തി അതിർത്തിക്കല്ലുകൾ സ്ഥാപിക്കാൻ സർവേയർമാരെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് എംഎൽഎ മന്ത്രിക്കും കലക്ടർക്കും കത്തു നൽകി.
2022 ഫെബ്രുവരിയിലാണു കിഫ്ബി റോഡ് നിർമാണത്തിന് 450 കോടി രൂപ അനുവദിച്ചത്. ഒരു നിയോജക മണ്ഡലത്തിലേക്കു റോഡിനു വേണ്ടി അനുവദിക്കുന്ന ഏറ്റവും വലിയ തുകയായിരുന്നു ഇത്. ബംപർ ലോട്ടറി അടിച്ച ആഹ്ലാദമായിരുന്നു നാട്ടുകാർക്ക്. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും റോഡ് നവീകരണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.
എറണാകുളം - തേക്കടി സംസ്ഥാന പാതയിൽ ഉൾപ്പെടുന്ന മൂവാറ്റുപുഴയിൽ – പണ്ടപ്പിള്ളി – കൂത്താട്ടുകുളം റോഡ് 20 മീറ്റർ വീതി കൂട്ടുന്നതിനാണ് 450 കോടി രൂപ അനുവദിച്ചിരിക്കുന്നത്. 15 ഹെക്ടറോളം സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരിക. ഭൂമി ഏറ്റെടുക്കുന്നതിനാണ് പ്രധാനമായും തുക അനുവദിച്ചിരിക്കുന്നത്.
പതിറ്റാണ്ടുകൾക്കു മുൻപ് വിഭാവനം ചെയ്ത റോഡിന്റെ ഭൂമിയേറ്റെടുക്കൽ കീറാമുട്ടിയായതോടെ പദ്ധതി വിസ്മൃതിയിലാണ്ടപ്പോഴാണു കഴിഞ്ഞ വർഷം കിഫ്ബി റോഡിനു ഫണ്ട് അനുവദിച്ചത്. ഇപ്പോഴും ഭൂമി ഏറ്റെടുക്കൽ തന്നെയാണു വെല്ലുവിളി. മൂവാറ്റുപുഴ ആരക്കുഴ ജംക്‌ഷനിൽ നിന്നു തുടങ്ങി മാറാടി, ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിലൂടെ കടന്ന് കൂത്താട്ടുകുളം നഗരസഭയിൽ അവസാനിക്കുന്നതാണു സമാന്തര പാത.