വല്ലം പാണംകുഴി റോഡിൽ വെള്ളക്കെട്ട് രൂക്ഷം

Mail This Article
പെരുമ്പാവൂർ ∙ വല്ലം പാണംകുഴി റോഡിൽ ഐമുറി കവലയ്ക്കും കൂവപ്പടി പഞ്ചായത്ത് ഓഫിസ് കവലയ്ക്കും ഇടയിൽ വെള്ളക്കെട്ട്. പഞ്ചായത്തിന്റെ തെക്കുവശത്ത് യൂണിയൻ ബാങ്കിന് മുൻവശത്തും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ പെയ്താൽ റോഡിൽ വെളളക്കെട്ടു രൂപപ്പെടുന്നത് അപകടങ്ങൾക്കും യാത്രാ തടസ്സത്തിനും കാരണമാകുകയാണ്. പ്രദേശത്ത് 2 വർഷം മുൻപ് 15 ലക്ഷം രൂപ ചെലവിലാണ് കാന നിർമിച്ചത്. ഈ കാനനിർമാണത്തിലെ അശാസ്ത്രീയതയാണു വെള്ളക്കെട്ടിനു കാരണമെന്നാണ് ആക്ഷേപം.
വെള്ളം കെട്ടിക്കിടക്കുന്നതിനാൽ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കൂവപ്പടി പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷി ഓഫിസ്, സെന്റ് ആൻസ് സ്കൂൾ, ചേരാനല്ലൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ, കൂവപ്പടി പോളിടെക്നിക് എന്നിവ ഇതിന് സമീപമാണ്. പെരുമ്പാവൂരിൽ നിന്നു കൂവപ്പടി, തോട്ടുവ, കോടനാട്, ആലാട്ടിച്ചിറ, മലയാറ്റൂർ, ചേരാനല്ലൂർ, മങ്കുഴി, കൂടാലപ്പാട് എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരും 30 ബസ് സർവീസുകളും ഭാരവാഹനങ്ങളും ഇതു വഴിയാണു കടന്നുപോകുന്നത്.
പഞ്ചായത്ത് തുടങ്ങി സെന്റ് ആൻസ് സ്കൂൾ വരെ റോഡിന്റെ കിഴക്കേ വശത്ത് കാന പണിതാൽ വെള്ളക്കെട്ട് ഒഴിവാക്കാം. കാന നിർമിച്ചു വെള്ളക്കെട്ട് ഒഴിവാക്കി യാത്രാദുരിതം പരിഹരിക്കണം എന്ന് ബിജെപി കൂവപ്പടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.