ADVERTISEMENT

ആലുവ∙ ശിവരാത്രിയോട് അനുബന്ധിച്ചു ദേവസ്വം ബോർഡിന്റെ ബലിത്തറകളുടെയും വ്യാപാര സ്റ്റാളുകളുടെയും ലേലം 9നു നടക്കും. മണപ്പുറത്തെ പിൽഗ്രിം സെന്ററിൽ 10 മുതൽ 11 വരെ സ്റ്റാളുകളുടെയും, 11 മുതൽ ഒന്നു വരെ ബലിത്തറകളുടെയും ലേലമാണ് നടക്കുക. ബലിത്തറകൾ 200 എണ്ണവും സ്റ്റാളുകൾ 31 എണ്ണവും ഉണ്ട്. പഴയ നിരക്കിൽ തന്നെയാണ് ഇത്തവണയും ലേലം ആരംഭിക്കുക. എ, ബി സെക്ടറുകളിൽ 80 വീതം 160 ബലിത്തറകളും, ഡി സെക്ടറിൽ 40 ബലിത്തറകളും ഉണ്ടാകും. കഴിഞ്ഞ വർഷം എ സെക്ടറിലെ ബലിത്തറകൾക്കു രണ്ടര ലക്ഷം രൂപ വരെ ലഭിച്ചിരുന്നു. മണപ്പുറം നടപ്പാലത്തിൽ നിന്നു ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ചെളിയും മണ്ണും നിറഞ്ഞു ഭക്തജനങ്ങൾക്കു സഞ്ചരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ അത്രയും ഭാഗത്തു കോൺക്രീറ്റ് നടപ്പാത നിർമിക്കാൻ പദ്ധതിയുണ്ടെന്നു ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എൻ. അജിത്കുമാർ പറഞ്ഞു.

ക്ഷേത്ര പരിസരത്തെ തകർന്ന കോൺക്രീറ്റ് റോഡുകൾ പുനരുദ്ധരിക്കും. മണപ്പുറത്തെ കുറ്റിക്കാടുകളും പുല്ലും നീക്കുന്ന ജോലി പൂർത്തിയായി വരുന്നു. ശിവരാത്രി ഒരുക്കങ്ങളുടെ ആദ്യ അവലോകന യോഗം 7നു 11നു ശ്രീകൃഷ്ണ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നടക്കും. കഴിഞ്ഞ വർഷം ദേവസ്വം ബോർഡ് വ്യാപാര സ്റ്റാളുകൾക്കായി നീക്കിവച്ച സ്ഥലം അമ്യൂസ്മെന്റ് പാർക്കിന്റെ കരാറുകാരായ ബെംഗളൂരു ഫൺ വേൾഡ് കമ്പനി 37 ലക്ഷം രൂപയ്ക്ക് ഒന്നിച്ച് എടുക്കുകയായിരുന്നു. പിന്നീട് അവർ സ്റ്റാളുകൾ നിർമിച്ചു വ്യാപാരികൾക്കു വാടകയ്ക്കു നൽകി. ഇത്തവണ ദേവസ്വം ബോർഡിന്റെ സ്ഥലം എടുക്കാൻ ഫൺ വേൾഡ് കമ്പനി താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. അതിനാൽ സ്റ്റാളുകൾക്കുള്ള സ്ഥലം ഓരോന്നു വീതം തിരിച്ചു ലേലം ചെയ്യാനുള്ള നടപടികളുമായി ദേവസ്വം ബോർഡ് മുന്നോട്ടു പോകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com