മട്ടാഞ്ചേരി ജല മെട്രോ ടെർമിനൽ 97 ദിവസത്തിനകം; 7000 ചതുരശ്രയടി വിസ്തീർണം, 80 സെന്റ് സ്ഥലത്ത് വിസ്തൃതമായ പാർക്കിങ്
Mail This Article
മട്ടാഞ്ചേരി∙ ജല മെട്രോയുടെ മട്ടാഞ്ചേരി ടെർമിനൽ നിർമാണം ധ്രുതഗതിയിൽ. കൗണ്ട് ഡൗൺ ബോർഡിൽ ഇനി 97 ദിവസം. ടെൻഡർ വിളിക്കുന്നതിന് 3 മാസവും നിർമാണത്തിന് 9 മാസവും അടക്കം ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ വർഷം സെപ്റ്റംബർ 20ന് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന് നൽകിയ നിർദേശം പാലിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് നീങ്ങുന്നത്.
മട്ടാഞ്ചേരി കൊട്ടാരത്തിന് എതിർവശമുള്ള ടെർമിനൽ വളപ്പിൽ അറുപതോളം തൊഴിലാളികൾ 24 മണിക്കൂറും ജോലിയെടുക്കുന്നു. 3 ബോട്ടുകൾക്ക് ഒരേ സമയം അടുക്കാൻ കഴിയുന്ന വിധത്തിലാണ് ജെട്ടി നിർമാണം. ടൂറിസം വകുപ്പിന്റെ പൈതൃക സ്മാരകം സംബന്ധിച്ച നിബന്ധനകൾ ഉള്ളതിനാൽ കരയിൽ നിന്ന് 15 മീറ്റർ കായലിലേക്ക് ഇറക്കിയാണ് പൈതൃക രൂപ ഭംഗിയോടെ ടെർമിനൽ നിർമിക്കുന്നത്. 16 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള ടെർമിനലിന് 7000 ചതുരശ്രയടി വിസ്തീർണമുണ്ടാകും. 80 സെന്റ് സ്ഥലത്ത് വിസ്തൃതമായ പാർക്കിങ് സൗകര്യം ടെർമിനലിന്റെ പ്രത്യേകതയാണ്.
ടെർമിനൽ ജെട്ടിയുടെ കോൺക്രീറ്റിങ് അടക്കമുള്ള ജോലികൾ പൂർത്തിയായി. സ്റ്റീൽ ഉപയോഗിച്ചുള്ള ടെർമിനൽ നിർമാണവും ബോട്ടുകൾ അടുക്കുന്നതിനുള്ള സംവിധാനം ഒരുക്കലുമാണ് ഇനിയുള്ളത്. അറ്റകുറ്റപ്പണിക്കായി ബോട്ടുകൾ അടുപ്പിക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ടാകും. കരാറുകാരായ ക്രസന്റ് കൺസ്ട്രക്‌ഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഡിസംബറിലാണ് നിർമാണ ജോലികൾ ആരംഭിച്ചത്.
2019ൽ നിർമാണം ആരംഭിച്ച് 2020 ഡിസംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു ഈ ടെർമിനൽ. അന്ന് കരാറെടുത്ത കമ്പനി സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിർമാണം ആരംഭിക്കാതിരുന്നതോടെ കൗൺസിലർ ടി.കെ.അഷ്റഫ്, പൊതു പ്രവർത്തകരായ ജുനൈദ് സുലൈമാൻ, എം.സി.പ്രവീൺ എന്നിവർ ചേർന്ന് ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ ഉത്തരവ് ടെർമിനൽ നിർമാണം വീണ്ടും ആരംഭിക്കാൻ സഹായകമായി. ടെർമിനൽ നിർമാണം പുനരാരംഭിക്കുന്നതിന് കെ.ജെ.മാക്സി എംഎൽഎയും മട്ടാഞ്ചേരി വാട്ടർ മെട്രോ ആക്‌ഷൻ കൗൺസിലും ഇടപെടലുകൾ നടത്തി. പ്രസിഡന്റ് കിഷോർ ശ്യാംജി, കൺവീനർ ഭരത് ഖോന എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു.