പ്രേമലുവിലെ അമൽ ഡേവീസിന് അവാർഡ് എഡിറ്റിങ്ങിന്

Mail This Article
കൊച്ചി ∙ ചെറായിയിലെ വീട്ടിൽ വിശ്രമത്തിനിടെയാണ്, മികച്ച എഡിറ്റർക്കുള്ള സംസ്ഥാന സിനിമ പുരസ്കാരം തനിക്കാണെന്ന് സംഗീത് പ്രതാപ് അറിയുന്നത്. സംഗീത് എന്നു പറയുമ്പോൾ അറിയാത്തവർ പ്രേമലുവിലെ അമൽ ഡേവീസ് എന്നു പറഞ്ഞാൽ വേഗം അറിയും. സിനിമാ ചിത്രീകരണത്തിനിടെ കഴിഞ്ഞ മാസമുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റതിനെത്തുടർന്നു വീട്ടിൽ വിശ്രമത്തിലാണ് സംഗീത്. നടനാകും മുൻപേ എഡിറ്ററായി സിനിമയിൽ എത്തിയ സംഗീതിന്റെ പുരസ്കാരം അപ്രതീക്ഷിതമായിരുന്നു. ‘ലിറ്റിൽ മിസ് റാവുത്തർ’ എന്ന സിനിമയിലെ എഡിറ്റിങ്ങിനാണു പുരസ്കാരം. മ്യൂസിക്കൽ റൊമാന്റിക് കോമഡി വിഭാഗത്തിലെ സിനിമയിൽ പരീക്ഷണ രീതിയിലുള്ള എഡിറ്റിങ്ങിനു സാധ്യകളേറെയായിരുന്നുവെന്നു സംഗീത് പറയുന്നു.
അഭിനയത്തോടൊപ്പം എഡിറ്റിങ് രംഗത്തും സജീവമായ സംഗീത് 24 മുതൽ വീണ്ടും സിനിമ ലൊക്കേഷനുകളിലേക്കെത്തും. അഭിനയത്തിൽ തിരക്കേറിയതോടെ എഡിറ്റിങ് രംഗത്തുനിന്ന് ഇടവേളയെടുത്താണ് അഭിനയിക്കാൻ പോകുന്നത്. ഇന്നലെ പുരസ്കാര വാർത്ത അറിഞ്ഞതോടെ ലിറ്റിൽ മിസ് റാവുത്തർ സിനിമയുടെ സംവിധായകൻ വിഷ്ണുദേവ് ഉൾപ്പെടെയുള്ളവർ സംഗീതിന്റെ വീട്ടിലെത്തി. അച്ഛൻ പ്രതാപ്കുമാർ, അമ്മ ആനി, ഭാര്യ ആൻസി എന്നിവർക്കും സുഹൃത്തുക്കൾക്കും ഒപ്പം വീട്ടിലാക്കി ആഘോഷം.