കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും നടപടി എടുക്കാതെ അധികൃതർ
Mail This Article
പള്ളുരുത്തി∙ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടർന്നിട്ടും നടപടി എടുക്കാതെ അധികൃതർ. പെരുമ്പടപ്പ് ഇടക്കൊച്ചി പള്ളുരുത്തി മേഖലയിലാണ് ശുദ്ധജലം ലഭിക്കാത്തത്. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് കൗൺസിലർമാർ കരുവേലിപ്പടിയിലെ ജല അതോറിറ്റി ഓഫിസ് ഉപരോധിക്കുന്നത്. ഉപരോധത്തിനൊടുവിൽ ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്യും. എന്നാൽ, കാര്യങ്ങൾക്ക് മാറ്റമില്ല. തങ്ങൾനഗർ, ഇടക്കൊച്ചി മേഖലയിൽ തീരെ വെള്ളം ലഭിക്കാതായതോടെ കഴിഞ്ഞ ദിവസം കൗൺസിലർമാരായ ലൈല ദാസ്, ജീജ ടെൻസൺ എന്നിവർ ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചു.
പള്ളുരുത്തി മരുന്നുകടയ്ക്ക് സമീപത്തു നിന്ന് പുതുതായി ഒരു പൈപ്പ് ഘടിപ്പിച്ചു വെള്ളം എടുക്കുന്നത് മൂലമാണ് തെക്കു ഭാഗത്തേക്കുള്ള വെള്ളം കുറയാൻ കാരണമെന്നു അവർ ആരോപിച്ചു. 14 -ാം ഡിവിഷനിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. ഓരോ ദിവസം കഴിയുംതോറും വെള്ളം കുറഞ്ഞു വരുന്നതായാണ് പരാതി. ടാങ്കർ ലോറിയിലാണ് ഇപ്പോൾ വെള്ളമെത്തിക്കുന്നത്. ഇത് തികയുന്നില്ല. ഇടക്കൊച്ചിയിലും പെരുമ്പടപ്പിലും ചിലയിടങ്ങളിൽ വെള്ളമെത്തുന്നില്ലെന്നും പരാതിയുണ്ട്. ഈ മേഖലയിലേക്ക് പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.