വൻ വ്യാജമദ്യ വേട്ട: വാറ്റുകേന്ദ്രം കണ്ടെത്തി തകർത്തു; പ്രതിക്കായി തിരച്ചിൽ

Mail This Article
ചെറുതോണി ∙ തങ്കമണിയിൽ വൻ വ്യാജമദ്യ വേട്ട. അമ്പലമേട്ടിൽ കുരിശുമലയോടു ചേർന്നുള്ള ചെങ്കുത്തായ സ്ഥലത്തെ പാറയിടുക്കിൽ പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രം കണ്ടെത്തി തകർത്ത എക്സൈസ് സംഘം ഇവിടെ നിന്നും 800 ലീറ്റർ കോടയും 80 ലീറ്റർ വാറ്റു ചാരായവും നൂതന നിലവാരത്തിലുള്ള വാറ്റുപകരണങ്ങളും പിടികൂടി. റെയ്ഡിന് ഇടയിൽ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നു കളഞ്ഞ അമ്പലമേട് പാറയിൽ വീട്ടിൽ അനീഷ് ഏബ്രഹാം (31) ന് എതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഓപ്പറേഷൻ ലോക്ഡൗണിന്റെ ഭാഗമായി തങ്കമണി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.കെ.സുരേഷും സംഘവും നടത്തിയ പരിശോധനയിലാണ് കാമാക്ഷി - അമ്പലമേട് റോഡിന് താഴെ ചെങ്കുത്തായ മലയിലെ പാറയിടുക്കിൽ വൻ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയത്. ഇരു വശങ്ങളിലുമായി രണ്ട് ഗ്യാസ് സിലിണ്ടറുകൾ ഘടിപ്പിച്ച് പ്രവർത്തിക്കുന്ന ബർണറുകൾ ഉപയോഗിച്ച് 200 ലീറ്റർ തകര ബാരലിൽ കോട തിളപ്പിച്ച് രണ്ടു വാറ്റു സെറ്റുകളിലായിരുന്നു ചാരായ വാറ്റ്.
വളരെ എളുപ്പത്തിൽ കൂടുതൽ വാറ്റു ചാരായം ഉണ്ടാക്കാവുന്ന ആധുനിക സംവിധാനമാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. സമീപ കാലത്ത് മേഖലയിൽ കണ്ടെത്തിയ ഏറ്റവും വലിയ വാറ്റ് കേന്ദ്രമാണ് ഇത്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ എ. ഷിയാദ്, ബിനു ജോസഫ്, ഷോബിൻ മാത്യു, ആൽബിൻ ജോസ്, ഷാജി തോമസ്, ജഗൻ എന്നിവർ പങ്കെടുത്തു.