ഇടുക്കി ഡാം: ആദ്യം തുറന്നത് ഒരു ഷട്ടർ; വൈകിട്ട് വീണ്ടും രണ്ടെണ്ണം– ചിത്രങ്ങൾ

Mail This Article
ചെറുതോണി ∙ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ മൂന്നാം നമ്പർ ഷട്ടർ തുറന്നത് ഇന്നലെ രാവിലെ പത്തോടെയാണ്. 70 സെന്റീമീറ്റർ തുറന്ന ഷട്ടറിലൂടെ സെക്കൻഡിൽ 50 ഘനമീറ്റർ (50,000 ലീറ്റർ) ജലമാണ് ആദ്യഘട്ടത്തിൽ പെരിയാറിലേക്ക് ഒഴുക്കിയത്. ഉച്ചയ്ക്ക് ഷട്ടർ 120 സെന്റിമീറ്റർ ഉയർത്തി.

വൈകുന്നേരം നാലരയോടെ 2, 4 ഷട്ടറുകൾ 40 സെന്റിമീറ്റർ വീതം ഉയർത്തിയതോടെ മൂന്നാം നമ്പർ ഷട്ടർ 70 സെന്റിമീറ്ററിലേക്കു താഴ്ത്തി. ഇതോടെ ആകെ തുറന്നുവിടുന്ന ജലത്തിന്റെ അളവ് സെക്കൻഡിൽ 100 ഘനമീറ്ററായി (ഒരു ലക്ഷം ലീറ്റർ). മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതിനാൽ സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തി പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 3,166 ഘനയടി ആക്കി. നിലവിൽ 6 സ്പിൽവേ ഷട്ടറുകൾ 50 സെന്റിമീറ്റർ വീതവും 4 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതവുമാണു തുറന്നിട്ടുള്ളത്.

∙ മഴക്കണക്ക്
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തതു ശരാശരി 35.2 മില്ലീമീറ്റർ മഴ. ദേവികുളം താലൂക്കിലായിരുന്നു കൂടുതൽ മഴ. കുറവ് തൊടുപുഴ താലൂക്കിലും. മഴയുടെ അളവ് താലൂക്ക് തിരിച്ച് (മില്ലീമീറ്ററിൽ)
∙ ദേവികുളം–62
∙ പീരുമേട്–38.2
∙ ഇടുക്കി– 46
∙ തൊടുപുഴ–7.6
∙ ഉടുമ്പൻചോല–22.2
ഇടുക്കി ഡാം തുറക്കുന്നത് 11–ാം തവണ
1976 ഫെബ്രുവരി 12നു കമ്മിഷൻ ചെയ്ത ഇടുക്കി അണക്കെട്ടിൽ ഷട്ടറുകൾ ഉയർത്തുന്നത് ഇത് 11–ാം തവണയാണ്. കഴിഞ്ഞ വർഷം 4 തവണ തുറന്നു.