ADVERTISEMENT

വണ്ണപ്പുറം∙ മുണ്ടൻമുടി നാൽപതേക്കറിലെ കൊടുംവളവിലെ വീട്ടിലേക്ക് വാഹനങ്ങൾ മറിയുന്നത് പതിവായതോടെ സുരക്ഷിതത്വത്തിനായി വീട്ടുകാർ വാടക വീട്ടിൽ. വളവ് നിവർത്തി അപകടം കുറയ്ക്കാനോ പകരം വീട് നിർമിച്ച് നൽകാനോ നടപടിയില്ലാത്തതിനാൽ നിർധന കുടുംബം ദുരിതത്തിലായി. ആലപ്പുഴ മധുര സംസ്ഥാന പാതയിൽ മുണ്ടൻമുടിക്ക് സമീപം നാൽപതേക്കറിലെ കൊടും വളവിലാണ്‌ പൂവത്തിങ്കൽ രാഘവന്റെ വീട്. കുത്തനെയുള്ള ഇറക്കമിറങ്ങി വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് വീട്ടു മുറ്റത്തേക്ക് മറിയുകയോ ഇടിച്ചു കയറുകയോ ചെയ്യുന്നത് പതിവ് സംഭവമായി.

പ്രാണ ഭയത്തോടെയാണ് ഈ വീട്ടിൽ രാഘവനും ഭാര്യയും 2 പെൺകുട്ടികളും ഉൾപ്പെടുന്ന കുടുംബവും കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് ഒരു ദിവസം ഇറക്കം ഇറങ്ങി വന്ന ഇരുചക്ര വാഹനം വീടിന്റെ മൂല ഇടിച്ചു തകർത്തത്. 2019ൽ ആയിരുന്നു സംഭവം. ഇതിന് മുൻപ് പിക്കപ്, 3 കാറുകൾ, മിനി ലോറി ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ രാഘവന്റെ വീട്ടു മുറ്റത്തേക്കു മറിഞ്ഞു വീടിന് തകരാർ സംഭവിച്ചിട്ടുണ്ട്. ഒരിക്കൽ മകൾ വിട്ടു മുറ്റത്ത് നിൽക്കുമ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. ഓടി മാറിയതിനാൽ വൻ അപകടത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.

ഭയത്തോടെ കഴിയുമ്പോഴാണ് വീടിന്റെ ഒരു ഭാഗം തകർത്തുകൊണ്ടുള്ള വാഹനാപകടം. ഉടൻ സൗകര്യപ്രദമായ സ്ഥലത്ത് വീടുവച്ചു നൽകുമെന്നും അതിനായി എല്ലാ നടപടികളും  ഉണ്ടാകുമെന്നും അധികൃതർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വാഗ്ദാനങ്ങൾ അല്ലാതെ ഒന്നും ഇതുവരെ നടന്നില്ല. രാഘവന് സ്വന്തമായി അകെയുള്ളത് 8 സെന്റ് സ്ഥലമാണ്. അവിടെ ഉണ്ടായിരുന്ന കൂരയാണ്‌ വാഹനം ഇടിച്ചു തകർന്നത്. ജീവ ഭയത്താൽ ഈ സ്ഥലത്ത് ഇനിയും വീട് പണിത് താമസിക്കാൻ കഴിയില്ല.

പ്രായവും രോഗവും അലട്ടുന്ന രാഘവനും ഭാര്യയും രണ്ടു പെൺ മക്കളും ഇപ്പോൾ വാടക വീട്ടിൽ കഴിയുകയാണ്. രോഗാവസ്ഥയിലും തന്നാലാവുന്ന പണിയെടുത്തു കിട്ടുന്ന തുക വാടക നൽകാൻ പോലും തികയില്ലെന്നു രാഘവൻ പറയുന്നു. അതേ സമയം അടുത്ത ലൈഫ് പദ്ധതിയിൽപെടുത്തി രാഘവനു വീട് നിർമിച്ചു നൽകാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com