ADVERTISEMENT

മൂന്നാർ ∙ പൂർണമായും സൗരോർജത്തിലേക്കു മാറാൻ തയാറെടുത്ത് ഇരവികുളം നാഷനൽ പാർക്ക്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇരവികുളം ദേശീയോദ്യാനത്തിൽപെട്ട രാജമലയിലേക്ക് സർവീസ് നടത്തുന്ന മുഴുവൻ ബസുകളും ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന വാഹനങ്ങളും പൂർണമായി വൈദ്യുതി വാഹനങ്ങളാക്കി മാറ്റുമെന്ന് വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ് പറഞ്ഞു. ഇരവികുളം ദേശീയോദ്യാനത്തിൽ പൂർണമായി സൗരോർജ സംവിധാനം സ്ഥാപിച്ച് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുകയും ദേശീയോദ്യാനം പൂർണമായി പരിസ്ഥിതി സൗഹൃദമാക്കുകയുമാണ് ലക്ഷ്യം. 

പുതുതായി 2 ബഗ്ഗി കാറുകൾ

രാജമല സന്ദർശകർക്കായി വനം വകുപ്പ് പുതുതായി രണ്ടു ബഗ്ഗി കാറുകൾ എത്തിച്ചു. പൂർണമായും വൈദ്യുതിയിലോടുന്ന കാറിൽ ഒരേ സമയം 5 പേർക്ക് യാത്ര ചെയ്യാം. 11.56 ലക്ഷം രൂപ ചെലവിട്ടാണ്‌ ഇവ വാങ്ങിയത്. ഒരു വർഷം മുൻപ് രാജമലയിൽ ഒരു ബഗ്ഗി കാർ വാങ്ങിയിരുന്നു. ഭിന്നശേഷിക്കാർക്കും വയോധികർക്കും സന്ദർശക സോൺ മുതൽ താർ - 10 വരെയുള്ള ദൂരം സഞ്ചരിക്കുന്നതിനാണ് ഇത് എത്തിച്ചത്. പദ്ധതി വിജയമായതോടെയാണ് പുതുതായി രണ്ടെണ്ണം കൂടി വാങ്ങിയത്.

പുതുതായി വാങ്ങിയവയിൽ ഒരെണ്ണം ഇനി മുതൽ പ്രവേശന കവാടമായ അഞ്ചാംമൈലിൽ സൂക്ഷിക്കും. വനം വകുപ്പിന്റെ ബസിലെ യാത്ര താൽപര്യമില്ലാത്തവർക്ക് 10,000 രൂപ നൽകി (അഞ്ചുപേർക്ക്) താർ എക്കോ ഡ്രൈവ് എന്ന പേരിലുള്ള ബഗ്ഗി കാറിൽ യാത്ര ചെയ്യാം. അഞ്ചാംമൈൽ മുതൽ താർ - 10 പോയിന്റ് വരെയുള്ള അഞ്ചര കിലോമീറ്റർ ദൂരത്തുള്ള വെള്ളച്ചാട്ടം, തേയില കാടുകൾ, വരയാട് എന്നിവ സന്ദർശിച്ച ശേഷം അഞ്ചാംമൈലിലുള്ള കഫെറ്റീരിയയിൽ നിന്നു ലഘുഭക്ഷണവും കഴിച്ച് മടങ്ങുന്നതാണ് പാക്കേജ്. 

10 വർഷം: 6 ലക്ഷം ലീറ്റർ

കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജമലയിലെ വാഹനങ്ങളിൽ മാത്രം ഉപയോഗിച്ചത് 6 ലക്ഷം ലീറ്റർ ഡീസലാണ്. ഈ കണക്കുകളാണ് ദേശീയോദ്യാനത്തെ സൗരോർജത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തിനു പിന്നിലെന്ന് അസി. വാർഡൻ ജോബ് ജെ.നേര്യംപറമ്പിൽ പറയുന്നു. 9 ബസ്, 4 ജീപ്പ് എന്നിവയാണ് നിലവിൽ രാജമലയിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ. ബഗ്ഗി കാറുകൾ പോലെതന്നെ ഈ വാഹനങ്ങളും വൈദ്യുതിയിലേക്ക് മാറ്റുകയാണ് അടുത്ത പടി. കൂടുതൽ സൗരോർജം ദേശീയോദ്യാനത്തിൽ ഉൽപാദിപ്പിക്കാനുള്ള പദ്ധതികളും വനം വകുപ്പിന്റെ ആലോചനയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com