വിദ്യാർഥികൾ കൂവി അല്ല സ്നേഹം പ്രകടിപ്പിക്കേണ്ടത്: എം.എം. മണി

Mail This Article
നെടുങ്കണ്ടം ∙ സ്നേഹം കൂടിയാണെങ്കിലും കൂവി അപമാനിക്കരുതെന്ന് ഉടുമ്പൻചോല എംഎൽഎ എം.എം.മണി. നെടുങ്കണ്ടം പോളിടെക്‌നിക് കോളജിൽ നടപ്പിലാക്കുന്ന ഇൻഡസ്ട്രി ഓൺ ക്യാംപസ് പദ്ധതിയുടെ ഉദ്ഘാടനം സമ്മേളനത്തിനിടെ കോളജ് പ്രിൻസിപ്പലിന്റെ പേര് സ്വാഗത പ്രസംഗകൻ വിളിച്ച് പറഞ്ഞപ്പോഴാണ് വിദ്യാർഥികൾ കൂവി ആഹ്ലാദാരവം മുഴക്കിയത്. ഇതോടെയാണ് ഉദ്ഘാടന പ്രസംഗത്തിനിടെ എം.എം.മണി കൂവലിനെതിരെ വിമർശനം ഉയർത്തിയത്. പ്രസംഗം കേട്ട് കയ്യടിക്കണം.
സന്തോഷം കൊണ്ട് കൂവുന്നത് ശരിയല്ല. വിദ്യാർഥികൾ ഇങ്ങനെ ചെയ്യരുത്. പറയുന്നത് കൊണ്ട് എന്നോടും പ്രതിഷേധം തോന്നിയിട്ട് കാര്യമില്ലെന്നും എം.എം.മണി പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി എൽഇഡി ഡിസ്‌പ്ലേ നിർമാണ യൂണിറ്റ് കോളജിൽ പ്രവർത്തനം ആരംഭിച്ചു. സർക്കാർ ഏജൻസിയായ അസാപിന്റെ സഹകരണത്തോടെയാണ് പോളി ടെക്‌നിക് കോളജിൽ വിദ്യാർഥികളുടെ ആദ്യ വ്യവസായ സംരംഭം ആരംഭിച്ചത്.
അസാപ് സംസ്ഥാന കോ-ഓർഡിനേറ്റർ പ്രസൂൺ മംഗലത്ത് എൽഇഡി ഡിസ്‌പ്ലേ ബോർഡ് ഏറ്റുവാങ്ങി. യോഗത്തിൽ പ്രിൻസിപ്പൽ പി.എം. റെജികുമാർ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേൽ, ജയൻ പി വിജയൻ, സോജൻ ജോസ്, സ്റ്റാഫ് സെക്രട്ടറി മേരി മർഫി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.