ADVERTISEMENT

രാജകുമാരി∙ ആകാശത്തിനപ്പുറം സ്വപ്നങ്ങൾ കാണാൻ ആദിൽ കൃഷ്ണയെ പ്രേരിപ്പിച്ചത് ഒരു പക്ഷേ ഓർമ വച്ച നാൾ മുതൽ കാണാൻ തുടങ്ങിയ ആകാശം തൊടുന്ന ചൊക്രമുടിയായിരിക്കും. ബൈസൺവാലി കണ്ടംകുളത്ത് സന്തോഷ്–മിനി ദമ്പതികളുടെ മകനായ ആദിൽ കൃഷ്ണ സിഇഒ ആയ സ്റ്റാർട്ട് അപ് കമ്പനിയുടെ ആദ്യ ആശയവിനിമയ ഉപഗ്രഹത്തിന്റെ പ്രഖ്യാപനം മന്ത്രി പി.രാജീവ് കഴിഞ്ഞ ദിവസം ഇടപ്പള്ളിയിൽ നടത്തി. ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ പേരാണ് ഉപഗ്രഹത്തിന് നൽകിയിരിക്കുന്നത്.

നിർമാണം പൂർത്തിയാക്കിയ നമ്പി സാറ്റ് 1 ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ഓതറൈസേഷൻ സെന്ററിന്റെ (ഇൻ-സ്പേസ്) സഹകരണത്തോടെ ഐഎസ്ആർഒയുടെ റോക്കറ്റിൽ വിക്ഷേപിക്കാൻ റജിസ്റ്റർ ചെയ്തു കഴിഞ്ഞു. ആദിലിന്റെ നേതൃത്വത്തിൽ 3 യുവ എൻജിനീയർമാരുടെ കൂട്ടായ്മയിൽ പിറന്ന ഐ–ഹബ് റോബോട്ടിക്സിന്റെ അനുബന്ധ സ്ഥാപനമാണ് സംസ്ഥാനത്തെ ആദ്യ എയ്റോ സ്പേസ് സ്റ്റാർട്ടപ്പായ ഐ ഏയ്റോ സ്കൈ. സ്ഥാപനം നിർമിക്കുന്ന ആദ്യ റോക്കറ്റ് 2025ൽ പൂർത്തിയാക്കി 2026ൽ വിക്ഷേപിക്കും.

കുറഞ്ഞ ചെലവിൽ വാർത്താ വിനിമയ ഉപഗ്രഹങ്ങളും റോക്കറ്റുകളും വിക്ഷേപിച്ച് ആശയവിനിമയ സാങ്കേതിക വിദ്യയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സിഇഒ ആദിൽ കൃഷ്ണ പറഞ്ഞു. ചെറുപ്പം മുതൽ റോബട്ടിക് മേഖലയോട് താൽപര്യം കാണിച്ചിരുന്ന ആദിൽ കൃഷ്ണ മെക്കട്രോണിക്സ് എൻജിനീയറിങ് പഠനത്തിന് ശേഷം 2022 ലാണ് ഐ ഹബ് റോബട്ടിക്സ് എന്ന കമ്പനി തുടങ്ങുന്നത്.

പനമ്പള്ളിനഗർ, ഇടപ്പള്ളി എന്നിവിടങ്ങളിലാണ് ഓഫിസുകൾ പ്രവർത്തിക്കുന്നത്. ഐഹബ് റോബോട്ടിക്സ് നിർമാണ കമ്പനിയിൽ ഹ്യുമനോയിഡ് റോബട്ടുകൾ, റസ്റ്റോറന്റ് റോബട്ടുകൾ, മെഡിക്കൽ അസിസ്റ്റന്റ് റോബട്ടുകൾ, റോബട്ടിക് ടോയ്സ് എന്നിവ നിർമിക്കുന്നുണ്ട്. ആദിൽ കൃഷ്ണയോടൊപ്പം എസ്.ശരത്, അഖിൽ എന്നിവരും സ്റ്റാർട്ടപ്പിന്റെ സ്ഥാപകരാണ്.

English Summary: Adil Krishna is the CEO of the start-up company's first communication satellite

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com