ADVERTISEMENT

തൊടുപുഴ ∙ നവകേരളസദസ്സ് നടത്തിയതിന്റെ കടം വീട്ടാൻ സ്പോൺ‌സർമാരിൽനിന്നു പണപ്പിരിവിനു സംഘാടകസമിതി വീണ്ടും രംഗത്ത്. പിരിവിലെ തർക്കം മൂലം ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരി വകുപ്പുതല പരാതി നൽകി. തൊടുപുഴ നിയോജക മണ്ഡലത്തിലെ നവകേരളസദസ്സിന്റെ കൺവീനറായ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ മാസം 19ന് ഔദ്യോഗിക മെയിലിൽ നിന്ന് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു കത്തയച്ചതാണു വിവാദമായത്. 

കഴിഞ്ഞ ഡിസംബറിൽ തൊടുപുഴ പഴയ ബസ്‌ സ്റ്റാൻഡ് മൈതാനത്തു നവകേരള സദസ്സിനായി പന്തലിട്ട സ്വകാര്യ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കു തുക കൈമാറണമെന്ന് അഭ്യർഥിച്ചാണു കേരള ബാങ്ക് പ്രസിഡന്റിനു കൺവീനർ കത്തയച്ചത്. കത്തി‍ൽ കേരള ഗ്രാമീൺ ബാങ്ക് പ്രസിഡന്റ് എന്നു തെറ്റായാണു രേഖപ്പെടുത്തിയിരുന്നത്. 

ഈ പണം പിരിച്ചെടുക്കാൻ നിർബന്ധിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണു ബ്ലോക്കിലെ ജീവനക്കാരി വകുപ്പുതല പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്നു തദ്ദേശഭരണ വകുപ്പ് ഇടുക്കി ജില്ലാ എംപവർമെന്റ് ഓഫിസർ കെ.എൽ.സുശീല പറഞ്ഞു. ഇടുക്കിയിലെ 5 നിയമസഭാ മണ്ഡലങ്ങളിൽ നവകേരളസദസ്സിനായി കേരള ബാങ്ക് ഒരു ലക്ഷം രൂപ വീതം നൽകിയിരുന്നു. ഇതി‍ൽ തൊടുപുഴയ്ക്കു മാത്രം തുക കിട്ടിയില്ല. 

കൺവീനറുടെ കത്തു നൽകാത്തതിനാലാണു തുക കിട്ടാതെ പോയതെന്നും അതിനാലാണു കത്തയച്ചതെന്നും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ജെ.അജയ് വിശദീകരിച്ചു. നവകേരളസദസ്സിനായി സ്പോൺസർഷിപ് തുകയെല്ലാം ബാങ്ക് അക്കൗണ്ടിലാണു വാങ്ങിയതെന്നു സംഘാടക സമിതി സെക്രട്ടറിയും തൊടുപുഴ നഗരസഭാ മുൻചെയർമാനുമായ സനീഷ് ജോർജ് പറഞ്ഞു. പരിപാടിയുടെ എല്ലാ ഇടപാടും നടത്തിയതു തൊടുപുഴ ഈസ്റ്റ് സിപിഎം ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസലാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

The Nava Kerala Sadas in Thodupuzha is embroiled in controversy as organizers initiate fundraising efforts to settle debts incurred from the event. Allegations of irregularities in the collection process have surfaced, with a Block Panchayat employee filing a formal complaint.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com