രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ ഇല്ല; ഡോക്ടർമാരും കുറവ്
Mail This Article
രാജകുമാരി∙ പഞ്ചായത്തിലെ കുരുവിളാസിറ്റിയിൽ സ്ഥിതി ചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ. ഹൈറേഞ്ച് മേഖലയിലെ തന്നെ ആദ്യ ഗവ.ആശുപത്രിയാണിത്. 1977ലാണ് ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചത്. ദിവസവും ഇരുനൂറിലേറെ രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ചിന്നക്കനാൽ, ശാന്തൻപാറ, സേനാപതി, രാജാക്കാട്, രാജകുമാരി, ഉടുമ്പൻചോല ബൈസൺവാലി, വെള്ളത്തൂവൽ പഞ്ചായത്തുകളിലെ തോട്ടം തൊഴിലാളികൾക്കും അതിഥിത്തൊഴിലാളികൾക്കും ആശ്രയമായ ആശുപത്രിയിൽ കിടത്തിച്ചികിത്സയില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
50 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ തയാറാകാത്തതാണ് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റാൻ കാരണം. 3 സ്ഥിരം ഡോക്ടർമാരുണ്ടായിരുന്ന ഇവിടെ ഇപ്പോൾ ഒരു ഡോക്ടർ മാത്രമാണ് സേവനം ചെയ്യുന്നത്. എൻഎച്ച്എം വിഭാഗത്തിൽ ഒരു ഡോക്ടറും താൽക്കാലികമായി ജോലി ചെയ്യുന്നുണ്ടെങ്കിലും ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് ഇതു പോരെന്ന് നാട്ടുകാർ പറയുന്നു. ഹൈറേഞ്ചിലെ നിർധനരായ രോഗികൾ ആശ്രയിക്കുന്ന ഈ ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തുന്നതിന് വേണ്ടിയുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 2 ഏക്കറോളം സ്ഥലം ആശുപത്രിക്ക് സ്വന്തമായുണ്ട്. കെട്ടിടങ്ങൾ നവീകരിച്ച് ജീവനക്കാരെ നിയമിച്ചാൽ ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനാകും.