ഓശാന തിരുനാളിനുള്ള ഓലയുമായി ഇത്തവണയും ഓണംപാറയിൽ മോഹനൻ

Mail This Article
രാജാക്കാട്∙ ക്രിസ്തുരാജ ഫൊറോന പള്ളിയിൽ ഓശാന തിരുനാളിനോടനുബന്ധിച്ച് തുടർച്ചയായി എട്ടാം വർഷവും കുരുത്തോല എത്തിച്ച് ഹൈന്ദവമത വിശ്വാസിയായ ഓണംപാറയിൽ മോഹനൻ. തന്റെ പുരയിടത്തിലെ 18 തെങ്ങുകളിൽ നിന്നാണ് മോഹനൻ ഇതിനായി കുരുത്തോല ശേഖരിച്ചത്. രാജാക്കാട് ടൗണിൽ മുനീന്ദ്ര ബാർബർ ഷോപ്പ് നടത്തുന്ന മോഹനൻ കുറെ വർഷങ്ങളായി ജോസ്ഗിരി പള്ളിയിലേക്കും കുരുത്തോല എത്തിച്ചു നൽകുന്നുണ്ട്. 1089 കുടുംബങ്ങളുള്ള രാജാക്കാട് ക്രിസ്തുരാജ പള്ളി ഇടവകയിൽ ഓശാന തിരുനാളിന് നൽകാൻ 5000 കുരുത്തോലകൾ വേണം.
ഹൈറേഞ്ച് മേഖലയിൽ തെങ്ങുകൾക്കുണ്ടായ മണ്ട വീഴ്ച രോഗം മൂലം തെങ്ങ് കൃഷി നാമമാത്രമായി. തെങ്ങ് കൃഷി ചെയ്തിരുന്ന സ്ഥലങ്ങൾ ഏലം കൃഷിക്ക് വഴി മാറിയതോടെ ഇത്രയധികം കുരുത്തോലകൾ സംഘടിപ്പിക്കുക പ്രയാസമാണ്. ഇൗ സാഹചര്യത്തിലാണ് എല്ലാ വർഷവും കുരുത്തോലയുമായി മോഹനൻ പള്ളിയിലെത്തുന്നത്. പള്ളിയിലെത്തിച്ച കുരുത്തോലകൾ വികാരി ഫാ.മാത്യു കരോട്ടുകാെച്ചറയ്ക്കൽ, സഹ വികാരി ഫാ.സെബാസ്റ്റ്യൻ മച്ചുകാട്ട്, കൈക്കാരൻ ബിനോയി കൂനംമാക്കൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സജി പൂവത്തിങ്കൽ, ഷൈൻ കോവൂർ, മനോജ് തട്ടാറുകുന്നേൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.