ഷാപ്പുകൾ തുറന്നു, കള്ളില്ലാതെ

Mail This Article
കണ്ണൂർ∙ ലോക്ഡൗൺ നിയന്ത്രണത്തിനു ശേഷം ജില്ലയിൽ ഇന്നു കള്ളുഷാപ്പുകൾ തുറക്കുമെന്നു പ്രതീക്ഷിച്ചവർക്കു നിരാശ. മീശ നനയാൻ പോലുമുള്ള കള്ള് ഇന്നലെ ഷാപ്പുകളിൽ വിറ്റില്ല. ജില്ലയിൽ ഇന്നലെ കള്ള് വിൽപന നടന്നത് 6 ഷാപ്പുകളിൽ മാത്രം. തളിപ്പറമ്പ് റേഞ്ചിൽ കുറ്റിക്കോൽ ഷാപ്പിലും പാപ്പിനിശ്ശേരി റേഞ്ചിൽ കണ്ണപുരത്ത് കീഴറ, തണ്ണൂപ്പാറ ഷാപ്പുകളിലും ചെറുകുന്നിൽ താവം, പുന്നച്ചേരി, കൊവ്വപ്പുറം ഷാപ്പുകളിലുമാണു നേരിയ തോതിൽ വിൽപന നടന്നത്.
ഈ ഷാപ്പുകളിലായി ആകെ വിറ്റത് 50 ലീറ്ററിൽ താഴെ കള്ള് മാത്രം!. ഷാപ്പിൽ കള്ളെത്തി മിനിറ്റുകൾക്കുള്ളിൽ അതു വിറ്റുതീർന്നു. ജില്ലയിലെ 384 ഷോപ്പുകളിൽ 97 ഷോപ്പുകളാണു ലേലം വഴിയും ഡിപ്പാർട്മെന്റൽ മാനേജ്മെന്റ് സംവിധാനം വഴിയും കരാറുകാരെ ഏൽപിച്ചിരുന്നത്. ഇതിൽ നല്ലൊരു പങ്കും തുറക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ചെത്ത് തുടങ്ങിയിട്ടേയുള്ളൂവെന്നതിനാൽ വിൽക്കാനുള്ള കള്ള് എവിടെയും ലഭിച്ചില്ല.
ചില ഷാപ്പുകൾ രാവിലെ തുറന്നതു പ്രദേശത്തെ മദ്യപരിൽ പ്രതീക്ഷയുണ്ടാക്കിയെങ്കിലും കള്ള് ലഭിക്കാത്തതിനാൽ, ശുചീകരണത്തിനു ശേഷം ഇവ അടച്ചു. എല്ലാ ഷാപ്പുകളിലും കള്ളെത്തി തുടങ്ങാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണു കണക്കുകൂട്ടൽ. അപ്പോഴേക്കും മുഴുവൻ ഷാപ്പുകളും കരാറുകാരെ ഏൽപിക്കാനുള്ള ശ്രമത്തിലാണ് എക്സൈസ് വകുപ്പ്.