ഇത്തവണ ഇനി ഓണക്കിറ്റില്ല; വിതരണം നിർത്താൻ സിവിൽ സപ്ലൈസ് കമ്മിഷണറുടെ നിർദേശം

Mail This Article
കണ്ണൂർ∙ ഓണക്കിറ്റ് വാങ്ങാൻ ബാക്കിയുള്ളവർക്ക് ഇനി കിറ്റ് ലഭിക്കില്ല. കഴിഞ്ഞ ബുധൻ രാത്രി 8ന് ശേഷം കിറ്റ് വിതരണം നടത്താൻ പാടില്ലെന്ന വിവരം റേഷൻ വ്യാപാരികൾക്ക് നൽകാൻ ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസർമാരോട് സിവിൽ സപ്ലൈസ് കമ്മിഷണർ നിർദേശിച്ചു. കിറ്റ് വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇ–പോസ് മെഷീനിൽ ഏർപ്പെടുത്തിയ ക്രമീകരണവും പിൻവലിച്ചിട്ടുണ്ട്. ഏതെങ്കിലും റേഷൻ വ്യാപാരി തിരക്കോ മറ്റു കാരണങ്ങൾ കൊണ്ടോ ഇനിയുള്ള ദിവസങ്ങളിലേക്ക് ടോക്കൺ പോലുള്ളവ നൽകിയിട്ടുണ്ടെങ്കിൽ ഉപഭോക്താവ് താലൂക്ക് സപ്ലൈ ഓഫിസിനെ സമീപിച്ച് കിറ്റ് വാങ്ങണമെന്ന് നിർദേശിച്ചതായാണ് അറിയുന്നത്.
ചില റേഷൻ കടകളിൽ വെള്ള കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം പൂർത്തായിട്ടില്ല. കഴിഞ്ഞ 1 ന് വെള്ള കാർഡിനുള്ള കിറ്റ് വിതരണം തുടങ്ങേണ്ട സമയത്താണ് റേഷൻ കടകളിൽ കിറ്റ് എത്താത്ത സാഹചര്യം ഉണ്ടായത്. സഞ്ചി, ചെറുപയർ, അണ്ടിപ്പരിപ്പ് എന്നിവ ലഭിക്കാത്തതായിരുന്നു കാരണം. തുടർന്ന് രണ്ട് ദിവസം കിറ്റ് വിതരണം മുടങ്ങിയെങ്കിലും പിന്നീട് കിറ്റ് എത്തിച്ചു. എന്നാൽ വേണ്ടത്ര കിറ്റുകൾ എത്തിയില്ലെന്ന് പിന്നെയും പരാതികൾ ഉയർന്നിരുന്നു.