ആറളത്ത് വൻ തീപിടിത്തം

Mail This Article
ഇരിട്ടി∙ ആറളം ഫാമിൽ വീണ്ടും വൻ തീപിടിത്തം. ബ്ലോക്ക് 8ലെ 15 ഹെക്ടർ സ്ഥലം കത്തി നശിച്ചു. നൂറുകണക്കിനു കശുമാവ്, കൊക്കോ, തെങ്ങ് കമുക് മരങ്ങൾ ഉൾപ്പെടെ അഗ്നിക്കിരയായി. ബ്ലോക്ക് 10ലും തീപിടിത്തം ഉണ്ടായി. കാരണം കണ്ടെത്തുന്നതിനായി ഫാം അധികൃതർ ഇന്ന് ആറളം പൊലീസിൽ പരാതി നൽകും.
ഫാമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണുണ്ടായതെന്നു ജീവനക്കാർ പറഞ്ഞു. ഫാമിന്റെ പുനരധിവാസ മേഖലയിൽ നിത്യേന എന്നോണം തീപിടിത്തം ഉണ്ടാകുന്നുണ്ട്. ഇന്നലെ 9.30 ഓടെയാണ് ബ്ലോക്ക് 8ൽ തീ ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. ജീവനക്കാരും തൊഴിലാളികളും അണയ്ക്കാൻ ശ്രമിച്ചെങ്കിലും കാറ്റ് പ്രതികൂലമായതോടെ നിമിഷനേരം കൊണ്ട് തീ ആളിപ്പടർന്നു. ഇരിട്ടിയിലെയും പേരാവൂരിലെയും അഗ്നിരക്ഷാ സേനയെത്തി വൈകിട്ട് അഞ്ചരയോടെ നിയന്ത്രണവിധേയമാക്കി.
പുകഞ്ഞുകൊണ്ടിരിക്കുന്നതിനാൽ രാത്രി സുരക്ഷാ ജീവനക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇരിട്ടി അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ കെ.രാജീവൻ, ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.ആർ.പ്രസന്നൻ നായർ, സെക്യൂരിറ്റി ഓഫിസർ ആർ.ശ്രീകുമാർ, അക്കൗണ്ട്സ് ഓഫിസർ ടി.പി.പ്രേമരാജൻ, ഫാം സൂപ്രണ്ട് ജോസഫ് ജോർജ് എന്നിവർ നേതൃത്വം നൽകി.