ADVERTISEMENT

കണ്ണൂർ ∙ അപൂർവമായ പൊട്ടുവെള്ളാംബരി ചിത്രശലഭത്തിന്റെ (സ്പോട്ടഡ് റോയൽ. ശാസ്ത്രീയനാമം Tajuria maculata) പൂർണ ജീവിതചക്രം രേഖപ്പെടുത്തി. വന്യജീവി ഗവേഷകരും ഫോട്ടോഗ്രാഫ‍ർമാരുമായ ഉമേഷ്, ഡേവിഡ് രാജു, വി.കെ.ചന്ദ്രശേഖരൻ എന്നിവരടങ്ങിയ സംഘമാണു വയനാട് ലക്കിടിക്കടുത്ത് ചിത്രശലഭത്തിന്റെ പൂർണമായ ജീവിതചക്രം ഇന്ത്യയിൽ ആദ്യമായി രേഖപ്പെടുത്തിയത്.

ശലഭത്തിന്റെ ജീവിതചക്രത്തെക്കുറിച്ചോ ലാർവസസ്യത്തെക്കുറിച്ചോ (ശലഭം മുട്ടയിടുകയും അതു വിരിഞ്ഞിറങ്ങുന്ന ലാർവ ഭക്ഷിക്കുകയും ചെയ്യുന്ന സസ്യം) ഇതുവരെ അറിവുണ്ടായിരുന്നില്ല. ഇത്തിൾക്കണ്ണി വർഗത്തിൽപെട്ട സസ്യമാണു ശലഭത്തിന്റെ ലാർവ സസ്യമെന്നു കണ്ടെത്തിയിട്ടുണ്ട്. മറ്റു റോയൽ ശലഭങ്ങളും ഇത്തരം ചെടികളിലാണു ജീവിതചക്രം പൂർത്തിയാക്കുന്നത്.

കൂട്ടങ്ങളായി മുട്ടകൾ ക്രമീകരിക്കുകയും വിരിഞ്ഞിറങ്ങുന്ന ശലഭപ്പുഴുക്കൾ ഒരുമിച്ച് ഇലകൾ ഭക്ഷിച്ച് കൂട്ടായി മുന്നേറുകയും ചെയ്യുന്നതായും നിരീക്ഷിച്ചു. പൊട്ടുവെള്ളാംബരിയുടെ ജീവിതചക്രം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തത് ഏറെ പ്രാധാന്യമുള്ളതാണെന്നു സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. ജാഫർ പാലോട്ട് പറഞ്ഞു.

കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ പശ്ചിമഘട്ടമേഖലയിലാണു ചിത്രശലഭത്തെ കാണുന്നതെന്നു ഗവേഷകർ പറഞ്ഞു. പഴയ ബ്രിട്ടിഷ് ജേർണലുകളിലും ശലഭഗവേഷകരുടെ പുസ്തകങ്ങളിലും ഈ പൂമ്പാറ്റകൾ പശ്ചിമഘട്ടത്തിൽ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിരുന്നു. ലൈക്കിനിഡേ ചിത്രശലഭ കുടുംബത്തിലുൾപ്പെടുന്ന ഈ ശലഭത്തെ 100 വർഷങ്ങൾക്കു ശേഷം കേരളത്തിൽ വീണ്ടും കണ്ടെത്തിയത് 2010ൽ ആണ്. ചിത്രശലഭ ഗവേഷകനായ വി.സി.ബാലകൃഷ്ണനാണു കണ്ണൂർ കൊട്ടത്തലച്ചിമലയിൽ അന്നു ശലഭത്തെ നിരീക്ഷിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com