മഴ തിമിർത്തു; വനമേഖലയിൽ ഉരുൾപൊട്ടി, പലയിടത്തും വെള്ളപ്പൊക്കം, ജാഗ്രതാ നിർദേശം

Mail This Article
കണ്ണൂർ∙ മഴയിലും ചുഴലിക്കാറ്റിലും മലയോരത്തു നാശനഷ്ടം തുടരുന്നു. കർണാടക വനമേഖലയിൽ ഉരുൾപൊട്ടി ഉളിക്കൽ മണിക്കടവ്, വയത്തൂർ, വട്യാംതോട് പ്രദേശങ്ങളിൽ വെള്ളപ്പൊക്കം. 2 വീടുകളിലും 4 കടകളിലും വെള്ളം കയറി. 3 പാലങ്ങൾ വെള്ളത്തിനടിയിലായി. മണിക്കടവ് വളവുപാറയിലെ കൂടക്കാട്ട് ചിന്നമ്മ, ആനപ്പാറയിലെ ഈറ്റയ്ക്കൽ മേരി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. വീട്ടുകാരെ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി, വാർഡ് അംഗം ജാൻസി കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

മണിക്കടവ് ടൗണിലെ ഐക്കര ചാക്കോയുടെ ഹോട്ടൽ, കാഞ്ഞിരത്താംകുന്നേൽ ഷിബുവിന്റെ മലഞ്ചരക്ക് ഗോഡൗൺ, കളപ്പുര സിബിയുടെ പെയിന്റ് കട, രാജേഷിന്റെ ബാർബർ ഷോപ്പ് എന്നിവിടങ്ങളിൽ വെള്ളം കയറി. സാധനങ്ങളെല്ലാം മാറ്റിയതിനാൽ നാശനഷ്ടമില്ല. മണിക്കടവ് പുഴയിലെ ചപ്പാത്ത് പാലം, വയത്തൂർ-മണിപ്പാറ റോഡിലെ കോളയാട് കടവു പാലം, വട്യാംതോട്-മണിക്കടവ് റോഡിലെ വട്യാംതോട് പാലം എന്നിവ വെള്ളത്തിൽ മുങ്ങി ഗതാഗതം നിലച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് പൊടുന്നനെ വെള്ളപ്പൊക്കമുണ്ടായത്. നോക്കിനിൽക്കെ പാലങ്ങൾ മുങ്ങിയതോടെ പലരും വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനങ്ങൾ നുച്യാട് പാലം വഴി തിരിച്ചുവിട്ടു.

∙ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ വട്ടോളിയിൽ കുമാരന്റെ 150ൽ പരം വാഴകൾ വെള്ളക്കെട്ടിലായി.
∙ കൂത്തുപറമ്പിൽ വയൽപ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്.
∙ കോട്ടയം പഞ്ചായത്തിലെ എത്തിൽപ്പീടിക വയലിൽ 50 ഏക്കർ കൃഷി വെള്ളക്കെട്ടിലാണ്.
∙ ശ്രീകണ്ഠാപുരത്ത് പുഴകളും തോടുകളും നിറഞ്ഞൊഴുകുകയാണ്. പല ഭാഗങ്ങളും വെളളപ്പൊക്ക ഭീഷണിയിലാണ്.
∙ ചെറുപുഴ ഉമയംചാലിൽ കൂറ്റൻമരം കടപുഴകി വീണു. ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. പെരിങ്ങോത്തു നിന്ന് അഗ്നിരക്ഷാസേനയെത്തി, ഗതാഗതം പുനഃസ്ഥാപിച്ചു.
∙ നടുവിൽ പഞ്ചായത്തിലെ മുളകുവള്ളി കുന്നത്ത് മോഹനന്റെ വീടും വെള്ളാട് മേലേത്ത് ജ്യോതിഷ് ആന്റണിയുടെ കാർ ഷെഡും മരം വീണു തകർന്നു.
∙ ഉദയിഗിരി പഞ്ചായത്തിലെ നൂറേക്കർ മണ്ണാംപറമ്പിൽ ഷാജൻ, ജയഗിരിയിലെ പന്തലാട്ട് രാധാമണി എന്നിവരുടെ വീടുകൾ മരം വീണു തകർന്നു.
∙ തളിപ്പറമ്പ് – കുടക് റോഡിൽ കുട്ടാപ്പറമ്പിനു സമീപം റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞു.
മയ്യിൽ മേഖലയിൽ മരം വീണുംമറ്റും പലയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറായി.
ക്വാറി പ്രവർത്തനം 30വരെ നിരോധിച്ചു
അപകട സാധ്യത ഒഴിവാക്കുന്നതിനായി ജില്ലയിലെ കരിങ്കൽ, ചെങ്കൽ ക്വാറികളുടെ പ്രവർത്തനം 30 വരെ നിർത്തിവയ്ക്കാൻ കലക്ടർ ഉത്തരവിട്ടു. ക്രഷർ അടക്കം ഖനനാനുബന്ധ പ്രവൃത്തികളും നിരോധിച്ചിട്ടുണ്ട്.
യെലോ അലർട്ട്
ഇന്നു മുതൽ 27 വരെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
ജാഗ്രതാ നിർദേശം
ഇന്നു രാത്രി 11.30 വരെ 2.8 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. നാളെ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും ആൻഡമാൻ കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മീൻ പിടിക്കാൻ പോകരുത്.