നഗരത്തിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച; തിരച്ചിൽ ശക്തമാക്കി പൊലീസ്

Mail This Article
ഇരിട്ടി∙ നഗരഹൃദയത്തിലെ ജ്വല്ലറിയിൽ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേനയെത്തി സ്വർണം കവർന്ന യുവാക്കൾ കടന്നുകളഞ്ഞു. 2.5 പവൻ തൂക്കം വരുന്ന സ്വർണമാലയും ആയി കടന്ന ഹിന്ദി സംസാരിക്കുന്ന 2 യുവാക്കൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. സംസ്ഥാനാന്തര പാതയിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപത്തുള്ള വിവാ ജ്വല്ലറിയിൽ ഇന്നലെ വൈകിട്ട് നാലേകാലിനാണു കവർച്ച നടന്നത്.
കടയിൽ എത്തിയ 2 യുവാക്കൾ ആദ്യം വെള്ളി മോതിരത്തിന്റെ വില ചോദിച്ചു 600 രൂപ നൽകി വാങ്ങി. പിന്നീട് ഓരോ സ്വർണാഭരണങ്ങളുടെയും വില ചോദിച്ചു. ഒടുവിൽ 100 രൂപയുടെ ചില്ലറ ചോദിച്ചു. ചില്ലറ നൽകാനായി ഉടമ സി.രാജൻ മേശവലിപ്പ് തുറന്നപ്പോൾ ഉള്ളിൽ കണ്ട സ്വർണ മാല നോക്കാനായി എടുക്കാൻ നോക്കിയപ്പോൾ ഉടമ തന്നെ എടുത്തു കൊടുത്തു. പരിശോധിക്കുന്ന നിലയിൽ ഈ മാല നോക്കിയ ശേഷം ചില്ലറ വേണ്ട എന്നു പറഞ്ഞു 100 രൂപ മടക്കി വാങ്ങിയ ശേഷം പൊടുന്നനെ യുവാക്കൾ ഓടിരക്ഷപ്പെടുകയായിരുന്നെന്നു സി.രാജൻ പറഞ്ഞു.
കടയിൽ ഈ സമയം ഒറ്റയ്ക്കായിരുന്നതിനാൽ സമീപത്തുള്ളവരെ അറിയിച്ചു പിന്നാലെ സി.രാജനും ഓടിയെങ്കിലും യുവാക്കൾ രക്ഷപ്പെട്ടിരുന്നു. സിഐ കെ.ജെ.വിനോയിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങളിൽ ഇവരുടെ മുഖം പതിഞ്ഞിട്ടുണ്ട്.